മധ്യപ്രദേശില്‍ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ 30 പേര്‍ കിണറില്‍ വീണു; 3 പേര്‍ മരിച്ചു

Update: 2021-07-16 03:53 GMT

വിധിഷ: മധ്യപ്രദേശിലെ വിധിഷയില്‍ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കിണറില്‍ വീണ മുപ്പതു പേരില്‍ മൂന്ന് പേര്‍ മരിച്ചു. പത്തൊമ്പത് പേരെ രക്ഷപ്പെടുത്തി. ചിലര്‍ക്ക് ചെറിയ പരിക്കുകളേയുള്ളൂ. കൂടുതല്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കുണറില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്താന്‍ കിണറിന്റെ മേല്‍ക്കൂരയിലേക്ക് കയറിയവരുടെ ഭാരം കൊണ്ട് അത് തകര്‍ന്നുവീഴുകയായിരുന്നുവെന്ന് പേലിസ് പറയുന്നു. വിധുഷ ജില്ലാ കേന്ദ്രത്തില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ ഗന്‍ജ് ബസോദയിലാണ് അത്യാഹിതമുണ്ടായത്. ഏതാനും പേര്‍ ഇപ്പോഴും കിണറില്‍ കുടുങ്ങിയ നിലയിലാണ്.

വ്യാഴാഴ്ച രാത്രിയാണ് കുട്ടി കിണറില്‍ വീണത്. രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ഗ്രാമീണര്‍ കിണറിലേക്ക് വീണു. രാത്രി പതിനൊന്നുമണിക്ക് രക്ഷാപ്രവര്‍ത്തത്തില്‍ ഏര്‍പ്പെട്ട നാല് പോലിസുകാരും കിണറിലേക്ക് പതിച്ചു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ക്ക് 5 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50000 രൂപയും അനുവദിച്ചു.

ദേശീയ ദുരന്ത നിവാരണസേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ ജനറല്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്നും താന്‍ പ്രദേശത്തെ ദൗത്യസേനയുമായി ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി ശിവ് രാജ് ചൗഹാന്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് ഉന്നതതല സംഘം അന്വേഷണം നടത്തും.