ബെംഗളൂരു; കര്‍ണാടകയില്‍ മുന്‍ കോണ്‍ഗ്രസ് മന്ത്രിയും എംഎല്‍സിയുമായ സി എം ഇബ്രാഹിം പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. കര്‍ണാടക ലജിസ്‌ളേറ്റീവ് കൗണ്‍സിലില്‍ നിന്നും രാജിവച്ചിട്ടുണ്ട്.
സ്വാഭിമാനമുള്ളവര്‍ക്ക് കോണ്‍ഗ്രസ്സില്‍ തുടരാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത നീക്കമെന്താണെന്ന് രണ്ട് ദിവസത്തിനകം പറയും. പഞ്ചാബില്‍ സംഭവിച്ചത് കര്‍ണാടകയിലും സംഭവിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി ദേവഗൗഡയും മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുമായി സംസാരിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എഐസിസി പ്രസിഡന്റ് സോണിയാ ഗാന്ധിക്കാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയിട്ടുള്ളത്. തന്റെ പ്രശ്‌നങ്ങളെക്കുറിച്ച് 12 വര്‍ഷമായി താന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. വേണ്ടതുചെയ്യാമെന്ന് പറയാറുണ്ടെങ്കിലും ഒരിക്കലും അതുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിനുവേണ്ടി തിരഞ്ഞെടുപ്പ് നടന്നിരുന്നെങ്കില്‍ 18 എംഎല്‍സിമാരുടെ പിന്തുണ ലഭിക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ബി കെ ഹരിപ്രസാദ് പ്രതിപക്ഷനേതാവായി തുടരുന്നതില്‍ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു.
മുതിര്‍ന്ന നേതാവായിട്ടുകൂടി സോണിയാഗാന്ധിയെയോ രാഹുല്‍ ഗാന്ധിയെയോ കണ്ട് സംസാരിച്ച് പ്രശ്‌നപരിഹാരം തേടാന്‍ സാധിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇബ്രാഹിമിന്റെ രാജി പാര്‍ട്ടിക്ക് പ്രത്യേകിച്ച് നഷ്ടമൊന്നുമുണ്ടാക്കില്ലെന്ന് പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ പറഞ്ഞു.
