ഡല്‍ഹിയില്‍ കൊവിഡ് രണ്ടാം തരംഗത്തില്‍ വിധവകളായത് 791 പേര്‍

Update: 2021-07-26 17:49 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് രണ്ടാം തരംഗത്തില്‍ വിധവകളായത് 791 പേരെന്ന് ഡല്‍ഹി കമ്മീഷന്‍ ഫോര്‍ വിമന്‍ റിപോര്‍ട്ട്. കമ്മീഷന്റെ മഹിളാ പഞ്ചായത്ത് ടീമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചത്.

കമ്മീഷന്‍ ടീം ഇത്തരം സ്ത്രീകള്‍ക്കിടയില്‍ സര്‍വേയും സംഘടിപ്പിച്ചു. ഡല്‍ഹി മുഖ്യമന്ത്രി പ്രഖ്യാപിച്ച ഒരു പദ്ധതിയെ അടിസ്ഥാനപ്പെടുത്തിയാണ് സര്‍വേ സംഘടിപ്പിച്ചത്.

കൊവിഡിനിരയായി കുടുംബനാഥന്‍മാര്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കെജ്രിവാള്‍ കുടുംബക്ഷേമ പദ്ധതി പ്രഖ്യാപിച്ചിരുന്നു.

കമ്മീഷന്‍ നല്‍കുന്ന വിവരമനുസരിച്ച് 791 വിധവകളില്‍ 774 പേര്‍ക്ക് മക്കളുണ്ട്. 360 പേര്‍ക്ക് 3-5 കുട്ടികളുണ്ട്. 30 പേര്‍ക്ക് അഞ്ചില്‍ കൂടുതല്‍ കുട്ടികളുണ്ട്.

734 പേര്‍ 18-60 പ്രായക്കാരാണ്. മിക്കവരുടെയും ഭര്‍ത്താക്കന്മാര്‍ അറുപത് വയസ്സിനു മുകളിലുള്ളവരാണ്. 191 പേര്‍ 18-35 വയസ്സുകാരാണ്.

791 പേരില്‍ 721 പേര്‍ക്കും ജോലിയില്ല. ബാക്കിയുള്ളവരില്‍ മിക്കവരും വീട്ടുപണിക്കാരും ചെറിയ വ്യാപാരം ചെയ്യുന്നവരും കുറച്ചുപേര്‍ക്ക് സര്‍ക്കാര്‍ ജോലിയുള്ളവരുമാണ്.

ഭര്‍ത്താക്കന്മാര്‍ മരിച്ചവരില്‍ 28.57 ശതമാനം പേര്‍ക്കും മറ്റ് വരുമാനമൊന്നുമില്ല. 60 ശതമാനം പേരുടെ വരുമാനം 15,000ഓ അതില്‍ കൂടുതലോ. ഇവരില്‍ 597 പേര്‍ക്കും വാക്‌സിന്‍ ലഭിച്ചിട്ടില്ല.