ആന്ധ്രപ്രദേശില്‍ മുന്നൂറോളം തെരുവുനായ്ക്കളെ പഞ്ചായത്ത് അധികാരികള്‍ കൂട്ടത്തോടെ വിഷം കൊടുത്ത് കൊന്നു

Update: 2021-08-02 07:01 GMT

വെസ്റ്റ് ഗോദാവരി: ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയില്‍ പഞ്ചായത്ത് അധികാരികളുടെ അനുവാദത്തോടെ മുന്നോറോളം തെരുവുനായ്ക്കളെ വിഷം കൊടുത്തു കൊന്നതായി പരാതി. ലിന്‍ഗപാലെം ഗ്രാമത്തിലെ പഞ്ചായത്ത് ജീവനക്കാരാണ് ജൂലൈ 24ന് നായ്ക്കളെ കൂട്ടത്തോടെ കൊന്നുകളഞ്ഞതെന്ന് ധര്‍മജിഗുഡെം എസ്‌ഐ പറഞ്ഞു.

ജൂണ്‍ 29ന് മൃഗാവകാശപ്രവര്‍ത്തകയായ ഛല്ലപ്പള്ളി ശ്രീലത നല്‍കിയ പരാതിയിലാണ് കേസ്. ശ്രീലതയുടെ പരാതിയോടെയാണ് സംഭവം പുറംലോകമറിയുന്നതും.

നായ്ക്കളെ വിഷം കൊടുത്ത് കൊന്ന് ഗ്രാമത്തിലെ പൊട്ടക്കുളത്തില്‍ കൂട്ടത്തോടെ നിക്ഷേപിക്കുകയായിരുന്നുവെന്നാണ് ശ്രീലതയുടെ പരാതിയില്‍ പറയുന്നത്.

പഞ്ചായത്ത് അധികാരികള്‍ക്കെതിരേ ഐപിസി 429, സെക്ഷന്‍ 11-1 പ്രകാരമാണ് കേസെടുത്തത്.