തന്റെ സുരക്ഷയെക്കുറിച്ച് കുടുംബത്തിന് ആശങ്കയുണ്ടെന്ന് വരാണസി മസ്ജിദ് കേസിലെ വിധിന്യായത്തില്‍ ജഡ്ജി
വരാണസി: തന്റെ സുരക്ഷയില്‍ കുടുംബത്തിന് വലിയ ആശങ്കയുണ്ടെന്നും സാധാരണ സിവില്‍ വിഷയങ്ങള്‍ അസാധാരണമായ തലത്തില്‍ വളരുകയാണെന്നും ജ്ഞാന്‍വാപി മോസ്‌കില്‍ പരസ്യചിത്രീകരണം അനുവദിച്ച ജഡ്ജി രവി കുമാര്‍ ദിവാകര്‍.
'ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. എന്റെ കുടുംബം അവരുടെയും എന്റെയും സുരക്ഷയെക്കുറിച്ച് ആശങ്കാകുലരായിരുന്നു. ഞാന്‍ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോഴെല്ലാം എന്റെ സുരക്ഷയെക്കുറിച്ച് എന്റെ ഭാര്യ ആശങ്കപ്പെടുമായിരുന്നു. മാധ്യമങ്ങളില്‍ ചില റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പക്ഷേ എന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുള്ളതിനാല്‍ സര്‍വേ സൈറ്റ് സന്ദര്‍ശിക്കരുതെന്ന് എന്റെ അമ്മ എന്നോട് പറഞ്ഞു''- വരാണസി ലോവര്‍ കോടതി ജഡ്ജി തന്റെ വിധിയില്‍ എഴുതി.
ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേ തുടരാനും അന്തിമ റിപോര്‍ട്ട് മെയ് 17നകം സമര്‍പ്പിക്കാനുമായിരുന്നു ഇന്ന് കോടതി ഉത്തരവിട്ടത്.
കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന ജ്ഞാന്‍വാപി പളളിയുടെ ചുവരിനോട് ചേര്‍ന്ന മാ ശൃംഗാര്‍ ഗൗരി സ്ഥലത്ത് ആരാധിക്കാന്‍ വര്‍ഷം മുഴുവന്‍ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് ഹിന്ദുസ്്ത്രീകളാണ് കോടതിയില്‍ ഹരജി നല്‍കിയത്. അതിന്റെ ഭാഗമായി കോടതി സര്‍വേ നടത്താന്‍ അനുമതി നല്‍കി. സര്‍വേയുടെ ഭാഗമായി വീഡിയോയും എടുത്തിരുന്നു. പള്ളിയ്ക്കുള്ളില്‍ വീഡിയോ എടുക്കണമെന്ന ആവശ്യം കോടതി ഉത്തരവില്‍ എടുത്തുപറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പള്ളി മാനേജ്‌മെന്റ് എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും പോലിസ് സഹായത്തോടെ വീഡിയോഗ്രഫി തുടര്‍ന്നു.
കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന ജ്ഞാന്‍വാപി പള്ളിയുടെ പടിഞ്ഞാറെ മതിലിനോട് ചേര്‍ന്നാണ് മാതാ ശൃംഗാര്‍ ഗൗരി സ്ഥലം. വര്‍ഷത്തിലൊരിക്കലാണ് ഇവിടേക്ക് പ്രവേശനം അനുവദിക്കുന്നത്. ഇവിടെ ഒരു പ്രതിഷ്ഠയുണ്ട്. സ്ഥിരമായ ആരാധനയുണ്ടായിരുന്നില്ലെങ്കിലും അത് വേണമെന്ന് ആവശ്യപ്പെട്ട് അഞ്ച് സ്ത്രീകളാണ് കോടതിയെ സമീപിച്ചത്. ഇപ്പോള്‍ വര്‍ഷത്തിലൊരിക്കലേയുള്ളൂവെന്നും എല്ലാ ദിവസവും ആരാധന അനുവദിക്കണമെന്നുമാണ് ആവശ്യം. അനാദികാലത്തെന്ന് ഹരജിക്കാര്‍ വിശേഷിപ്പിക്കുന്ന പ്രതിഷ്ഠയും അദൃശ്യരായ ദൈവങ്ങളും ഗൗരീസ്ഥലത്തുണ്ടെന്നും അവയെയും ആരാധിക്കണമെന്നും ഹരജിക്കാര്‍ പറയുന്നു.

