വിക്ടോറിയയിലെ കൊവിഡ് വ്യാപനം; അതിര്‍ത്തി അടയ്ക്കാനൊരുങ്ങി ആസ്ത്രേലിയ;100 വര്‍ഷത്തിനിടെ ഇതാദ്യം
രണ്ടാഴ്ചയ്ക്കിടെ നൂറുകണക്കിനു പേര്‍ക്കാണു വിക്ടോറിയയില്‍ രോഗം ബാധിച്ചത്. ഇന്നലെ മാത്രം 127 പുതിയ കേസുകളാണ് വിക്ടോറിയയില്‍ റിപോര്‍ട്ട് ചെയ്തത്.
സിഡ്‌നി: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവായതോടെ അതിര്‍ത്തി അടയ്ക്കാനൊരുങ്ങി ആസ്‌ത്രേലിയ. പ്രമുഖ സംസ്ഥാനങ്ങളായ വിക്ടോറിയയ്ക്കും ന്യൂ സൗത്ത് വെയ്ല്‍സിനും ഇടയിലെ അതിര്‍ത്തി അടയ്ക്കാനാണ് തീരുമാനിച്ചത്. വിക്ടോറിയയുടെ തലസ്ഥാനമായ മെല്‍ബണില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. രണ്ടാഴ്ചയ്ക്കിടെ നൂറുകണക്കിനു പേര്‍ക്കാണു വിക്ടോറിയയില്‍ രോഗം ബാധിച്ചത്. ഇന്നലെ മാത്രം 127 പുതിയ കേസുകളാണ് വിക്ടോറിയയില്‍ റിപോര്‍ട്ട് ചെയ്തത്.
പുതുതായി രോഗം വന്നവരില്‍ 95 ശതമാനത്തിലേറെയും വിക്ടോറിയയില്‍ നിന്നാണ്. വേള്‍ഡോമീറ്റര്‍ കണക്കുപ്രകാരം 8,583 രോഗികളാണ് രാജ്യത്തുള്ളത്. 106 പേര്‍ ഇതുവരെ മരിച്ചു. ഇതോടെയാണ് വിക്ടോറിയക്കും ന്യൂ സൗത്ത് വെയില്‍സിനും ഇടക്കുള്ള അതിര്‍ത്തി അടക്കാന്‍ ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നാളെ മുതല്‍ അനിശ്ചിതകാലത്തേക്കാണ് അതിര്‍ത്തി അടക്കുന്നത്. നൂറ് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് പ്രധാന രണ്ട് നഗരങ്ങള്‍ക്കിടയിലെ അതിര്‍ത്തി ആസ്‌ത്രേലിയ അടക്കുന്നത്. 1919 സ്പാനിഷ് ഫ്‌ലൂ സമയത്താണ് ഇതിന് മുമ്പ് അതിര്‍ത്തി അടച്ചത്.