മുസ് ലിമായ റിക്ഷാതൊഴിലാളിയെ മണലില്‍ കുഴിച്ചിട്ട് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; പ്രതികള്‍ക്കായി തിരച്ചില്‍

Update: 2026-01-03 10:25 GMT

അഗര്‍ത്തല: മുസ് ലിമായ റിക്ഷാതൊഴിലാളിയെ മണലില്‍ കുഴിച്ചിട്ട് തീ കൊളുത്താന്‍ ശ്രമിച്ച് അജ്ഞാതര്‍. ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയിലാണ് നടുക്കുന്ന സംഭവം. റിക്ഷാക്കാരനായ ദിദാര്‍ ഹുസൈനാണ് ആക്രമണത്തിനിരയായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. റിക്ഷ ഓടിച്ചു വരികയായിരുന്ന ഹുസൈനെ നാലു പേര്‍ വരുന്ന സംഘം തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. അവര്‍ ഹുസൈനോട് പേരു ചോദിക്കുകയും ശേഷം ആക്രമണത്തിനിരയാക്കുകയും ചെയ്തു.

ഹുസൈനെ ആക്രമികള്‍ മണലില്‍ കുഴിച്ചിട്ടതിനു ശേഷം തീ കൊളുത്താന്‍ ശ്രമിച്ചു. എന്നാല്‍ ഹുസൈന്‍ വലിയ രീതിയില്‍ ഒച്ചയെടുക്കുകയും അലറിവിളിക്കുകയും ചെയ്തതോടെ പ്രതികള്‍ സംഭവസ്ഥലത്തു നിന്നു ഓടി രക്ഷപ്പെടുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഹുസൈനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊല്ലണം എന്ന ഉദ്ദേശത്തിലാണ് പ്രതികള്‍ എത്തിയതെന്ന് ഹുസൈന്റെ പരാതിയില്‍ പറയുന്നു. പ്രതികളെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നാണ് റിപോര്‍ട്ടുകള്‍. പ്രതികള്‍ക്കെതിരേ ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 109, സെക്ഷന്‍ 115(2), സെക്ഷന്‍ 326 എന്നിവ പ്രകാരം കേസെടുത്തു.

Tags: