ആറാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുക: ഡല്‍ഹി എയിംസിലെ നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തില്‍

Update: 2020-12-15 06:32 GMT

ന്യൂഡല്‍ഹി: ഡല്‍ഹി ആള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസിലെ നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തില്‍. നിരവധി കാലമായി മുടങ്ങിക്കിടന്നിരുന്ന ആറാം ശമ്പള കമ്മീഷന്‍ ശുപാര്‍കള്‍ നടപ്പാക്കണമെന്നാണ് ആവശ്യം. നഴ്‌സുമാര്‍ ആശുപത്രി പരിസരത്ത് മദ്രാവാക്യം വിളിച്ച് ധര്‍ണയിരിക്കുകയാണ്.

യൂനിയന്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും രോഗികളുടെ അവസ്ഥയില്‍ തങ്ങള്‍ക്ക് വിഷമമുണ്ടെന്നും എങ്കിലും നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് പോകുന്നതെന്നും നഴ്‌സസ് യൂനിയന്‍ പ്രസിഡന്റ് ഹാരിഷ് കാലിജ പറഞ്ഞു.

ഞങ്ങള്‍ സമരം ചെയ്യേണ്ട കാര്യമില്ല. രോഗികളെ ശുശ്രൂഷിക്കുന്നതുമായി ഞങ്ങള്‍ തിരക്കിലാണ്. പക്ഷേ, ഞങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണക്കുന്നില്ലെന്നു മാത്രമല്ല, പിന്നോട്ട് പോവുകയും ചെയ്തു. ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും പ്രധാനമാണ്. ആറാമത് പേ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കിയേ തീരൂ- അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ നഴ്‌സുമാരോട് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയ്യാറാവാത്തത് നിര്‍ഭാഗ്യകരമാണെന്നും നഴ്‌സസ് യൂനിയന്‍ നേതാക്കള്‍ പറഞ്ഞു.

ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവുകള്‍ പാലിക്കാന്‍ ഡല്‍ഹി എയിംസ് ബാധ്യസ്ഥരാണെന്ന കാര്യം ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ഒന്നും ഒരു തരത്തിലും ബാധിക്കരുതെന്നും ആരോഗ്യ സെക്രട്ടറി ആര്‍ ഭൂഷന്‍ പറഞ്ഞു.

പ്രതിസന്ധി ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യങ്ങള്‍ നടപ്പാക്കി നഴ്‌സുമാരെ തൊഴിലിലേക്ക് തിരികെപ്പോകാന്‍ അനുവദിക്കണമെന്നും നഴ്‌സിങ് ഓഫിസര്‍ ജയ്ശ്രീ പറഞ്ഞു.

പേ കമ്മീഷന്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉറപ്പ് നല്‍കണമെന്നാണ് യൂനിയന്റെ ആവശ്യം.

Tags:    

Similar News