മദീനയിലെ പ്രവാചകന്റെ പള്ളി തകര്‍ക്കുന്നതായ ചിത്രം; സുദര്‍ശന്‍ ന്യൂസ് എഡിറ്റര്‍ക്കെതിരേ പരാതി

മസ്ജിദുന്നബവിക്കു നേരെ മിസൈല്‍ ആക്രമണം നടത്തുന്ന ദൃശ്യങ്ങള്‍ക്കു പുറമെ വാര്‍ത്താ സംവാദത്തില്‍ മുസ്‌ലിംകള്‍ക്ക് ആക്ഷേപകരമായ കാര്യങ്ങളും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Update: 2021-05-19 12:48 GMT

മുംബൈ: മുസ്‌ലിം വിരുദ്ധ വാര്‍ത്തകള്‍ക്ക് കുപ്രസിദ്ധമായ സുദര്‍ശന്‍ ന്യൂസിന്റെ എഡിറ്റര്‍ സുരേഷ് ചാവങ്കക്കെതിരെ പോലിസില്‍ പരാതി. മദീനയിലെ പ്രവാചകന്റെ പള്ളി എന്നറിയപ്പെടുന്ന മസ്ജിദുന്നബവിയുടെ താഴികക്കുടത്തിന് നേരെ മിസൈല്‍ ആക്രമണം നടത്തുന്നതായ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് വാര്‍ത്ത അവതരിപ്പിച്ചതിനെതിരെ മുംബൈ ആസ്ഥാനമായുള്ള മദരിയ സൂഫി ഫൗണ്ടേഷന്‍ ആണ് പരാതി നല്‍കിയത്. ഐപിസിയിലെ സെക്ഷന്‍ 153 എ, 295 എ, 505, 34 വകുപ്പുകള്‍ പ്രകാരം ചാനലിനും ചാവങ്കെക്കുമെതിരെ പരാതി നല്‍കിയിട്ടുണ്ട്.

മസ്ജിദുന്നബവിക്കു നേരെ മിസൈല്‍ ആക്രമണം നടത്തുന്ന ദൃശ്യങ്ങള്‍ക്കു പുറമെ വാര്‍ത്താ സംവാദത്തില്‍ മുസ്‌ലിംകള്‍ക്ക് ആക്ഷേപകരമായ കാര്യങ്ങളും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് 'ഇസ്രായേലിനെ പിന്തുണയ്ക്കുക, ഇസ്രായേലാണ് നാളത്തെ പോരാട്ടത്തിന്റെ പങ്കാളി' എന്ന തലക്കെട്ടില്‍ നടത്തിയ ചര്‍ച്ചയിലാണ് മസ്ജിദുന്നബവിക്കു നേരെ ആക്രണം നടത്തുന്ന ഗ്രാഫിക്‌സ് കാണിച്ചത്. ഇസ്രായേലിനെ പിന്തുണക്കണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു ചര്‍ച്ച.

'മുസ്ലിംകള്‍ സിവില്‍ സര്‍വീസുകളില്‍ എങ്ങനെ നുഴഞ്ഞുകയറി' എന്ന പേരില്‍ ചാനല്‍ അവതരിപ്പിക്കുന്ന ഷോയുടെ എപ്പിസോഡുകള്‍ സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം സുദര്‍ശന്‍ ന്യൂസിനെ തടഞ്ഞിരുന്നു. പരിപാടി ''വഞ്ചനാപരമാണ്'' എന്നും മുസ്ലിംകളെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ മാത്രമാണ് ഇത് അവതരിപ്പിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    

Similar News