ഡോക്ടര്‍മാര്‍ക്ക് നേരെ നിരന്തര ആക്രമണം; ആശുപത്രികളെ 'സുരക്ഷിത മേഖലകളാ'യി പ്രഖ്യാപിക്കണമെന്ന് ഐഎംഎ

സ്ത്രീ ഡോക്ടര്‍മാരും നഴ്‌സുമാരും ക്രൂരമായി ആക്രമിക്കപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ പോലും മനുഷ്യാവകാശ സംരക്ഷകരോ വനിതാ കമ്മീഷനോ ഇടപെടുന്നില്ല

Update: 2022-02-16 09:25 GMT

തിരുവനന്തപുരം: കേരളത്തില്‍ അങ്ങോളമിങ്ങോളം തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും എതിരായ അക്രമണങ്ങള്‍ക്കെതിരെ ശക്തിയായി പ്രതികരിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ 270മതു പ്രവര്‍ത്തകസമിതി യോഗത്തിലാണ് തീരുമാനം. ചികില്‍സക്കിടയില്‍ രോഗാവസ്ഥ കാരണം സംഭവിക്കാവുന്ന മരണങ്ങളുണ്ടായാല്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കുമെതിരെ ആക്രമണങ്ങള്‍ നടത്തുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്നു.

പലപ്പോഴും സാമൂഹ്യ വിരുദ്ധരും അക്രമവാസനയുള്ള ചില രാഷ്ട്രീയക്കാരുമാണ് പ്രതികള്‍. ആശുപത്രി അക്രമണങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നു എന്നു പ്രവര്‍ത്തകസമിതിയോഗം വിലയിരുത്തി. ഒട്ടുമിക്ക സംഭവങ്ങളിലും പ്രതികളെ അറസ്റ്റു ചെയ്യുന്നതിലും ശിക്ഷാനടപടികള്‍ക്കു വിധേയരാക്കുന്നതിലും പോലിസ് പരാജയപ്പെടുന്നുവെന്നും ഭാരവാഹികള്‍ ആരോപിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനി

ടയില്‍ വനിതാ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നൂറിലധികം ഡോക്ടര്‍മാര്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു. പ്രതികളില്‍ ചില പോലിസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു എന്നുള്ളതും ഇവര്‍ക്കെതിരെ കേസെടുക്കാന്‍ പോലിസ് മടിക്കുന്നതിനു കാരണമാണ്.

മാവേലിക്കര താലൂക്ക് ആശുപത്രിയിലുണ്ടായ ആക്രമണത്തില്‍ പ്രതിയായ പോലിസ് അറസ്റ്റു ചെയ്തിട്ടില്ല. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ലേഡി ഹൗസ് സര്‍ജനെ ആക്രമിച്ച കേസില്‍ പ്രതിയായ പോലിസ് ഗണ്‍മാന്‍ അറസ്റ്റു ചെയ്യപ്പെട്ടില്ല. ആലപ്പുഴ നൂറനാട് കേസിലെ പ്രതിയും പോലിസാണ്. സ്ത്രീ ഡോക്ടര്‍മാരും നെഴ്‌സുമാരും ക്രൂരമായി ആക്രമിക്കപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ പോലും മനുഷ്യാവകാശ സംരക്ഷകരോ വനിതാ കമ്മീഷനോ ഇടപെടുന്നില്ല.

ഒട്ടുമിക്ക ആശുപത്രി ആക്രമണ കേസുകളിലും പോലിസ് അറസ്റ്റ് വൈകിപ്പിച്ച് സമയം നല്‍കി പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം എടുക്കാന്‍ സൗകരും ചെയ്തു കൊടുക്കുന്നു. ഇതിനെതിരെ പലതവണ പരാതിപ്പെട്ടിട്ടും ഉന്നത ഉദ്യോഗസ്ഥര്‍ തികഞ്ഞ നിസ്സംഗത പാലിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ ഉണ്ടായ അക്രമണത്തില്‍ പോലും പ്രതികളെ അറസ്റ്റുചെയ്ത് നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതില്‍ മനപൂര്‍വ്വമായ കാലതാമസം ഉണ്ടായി. ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് എടുക്കാന്‍ യോഗം തീരുമാനിച്ചു.

ആശുപത്രികളെ 'സുരക്ഷിത മേഖലകളായി' പ്രഖ്യാപിച്ച് രോഗികള്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും മതിയായ സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രവര്‍ത്തകസമിതി യോഗം ആവശ്യപ്പെട്ടു. ചികിത്സ തേടി എത്തുന്ന അത്യാസന്ന നിലയിലുള്ള രോഗികള്‍ പോലും ആശുപത്രി അക്രമണ സമയത്ത് ചികിത്സ ലഭിക്കാതെ ബുദ്ധിമുട്ടിലാകുന്നു. ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും നേരേ ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കാണണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ശക്തിയായി ആവശ്യപ്പെടുന്നു.

വാര്‍ത്ത സമ്മേളനത്തില്‍ ഐഎംഎ സൗത്ത് സോണ്‍ വൈസ് പ്രസിഡന്റ് ഡോ. വി മോഹനന്‍ നായര്‍, ഐഎംഎ ജില്ലാ ചെയര്‍മാന്‍ ഡോ. പ്രശാന്ത് സിവി,ഐഎംഎ ജില്ലാ കണ്‍വീനര്‍ ഡോ. പിഎസ് പദ്മ പ്രസാദ് പങ്കെടുത്തു.

Tags:    

Similar News