''പൂച്ചയല്ല ഞാന്‍ തന്നെ, ലൈവിലുണ്ട്''; ടെക്‌സാസില്‍ ഓണ്‍ലൈന്‍ കോടതി നടപടികള്‍ക്കിടയില്‍ അഭിഭാഷകനുപകരം പ്രത്യക്ഷപ്പെട്ടത് 'പൂച്ച'

Update: 2021-02-10 05:55 GMT

വാഷിങ്ടണ്‍: കൊവിഡ് പ്രതിസന്ധി ദുരിതത്തിന്റെ കാലമാണെങ്കിലും അത് നിരവധി തമാശകള്‍ക്കും കാരണമാവാറുണ്ട്. അത്തരമൊരു വാര്‍ത്തയാണ് അമേരിക്കയിലെ ടെക്‌സാസില്‍ നിന്ന് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

ടെക്‌സാസില്‍ കോടതിനടപടികള്‍ക്കിടയില്‍ സൂം വഴി ഹാജരായ അറ്റോര്‍ണിയുടെ മൊബൈലില്‍ ക്യാറ്റ് ഫില്‍റ്റര്‍ ആക്റ്റീവായതാണ് സംഭവങ്ങളുടെ തുടക്കം.

ടെക്‌സാസിലെ 394ാം ജുഡീഷ്യല്‍ ജില്ലാ കോടതിയില്‍ ഹാജരായ അഭിഭാഷകനായ റോഡ് പോണ്ടന്റെ സ്ഥാനത്ത് ഒരു പൂച്ചയെ കണ്ട ജഡ്ജി കാര്യമാരാഞ്ഞു. തനിക്ക് പകരം സ്‌ക്രീനില്‍ കാണുന്നത് പൂച്ചയെയാണെന്ന് മനസ്സിലാക്കിയ അഭിഭാഷകന്‍ പറഞ്ഞ മറുപടി ഇപ്പോള്‍ വൈറലാണ്: ഞാന്‍ ഇവിടെയുണ്ട്. ഞാന്‍ പൂച്ചയല്ല- അഭിഭാഷകന്‍ പരിഭ്രാന്തിയോടെ പറഞ്ഞു.

പ്രശ്‌നം ജനങ്ങളുടെ മുന്നിലെത്തിക്കുകയെന്ന ഉദ്ദേശത്തില്‍ ജഡ്ജി തന്നെയാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. കൂട്ടത്തില്‍ അദ്ദേഹം ഒരു ഉപദേശവും നല്‍കി. നിങ്ങള്‍ സൂമില്‍ കയറും മുമ്പ് ഫില്‍റ്ററുകള്‍ ഓഫ് ആണെന്ന് ഉറപ്പുവരുത്തണം.

താങ്കള്‍ ഫില്‍റ്റര്‍ ഓണ്‍ ചെയ്തിരിക്കുകയാണെന്ന് ജഡ്ജി അഭിഭാഷകനോട് പറയുന്നുണ്ട്. അഭിഭാഷകനും കാര്യം മനസ്സിലായി. പക്ഷേ, അദ്ദേഹവും സഹായിയും എത്ര ശ്രമിച്ചിട്ടും ക്യാറ്റ് ഫില്‍റ്റര്‍ ഒഴിവാക്കാന്‍ കഴിഞ്ഞില്ല. തന്റെ നിസ്സഹായവസ്ഥ അദ്ദേഹം ജഡ്ജിയെ ധരിപ്പിച്ചു.

താന്‍ ഒരു പൂച്ചയല്ലെന്ന് ഉറപ്പുവരുത്തിയതില്‍ ജഡ്ജി അഭിഭാഷകന് നന്ദി പറയുന്നതും വീഡിയോയിലുണ്ട്. ഇങ്ങനെയൊരു അവസരത്തിലും പ്രൊഫഷനലിസം പാലിച്ചതില്‍ ജഡ്ജി അഭിഭാഷകനെ അഭിനന്ദിച്ചു.

മറ്റൊരു സംഭവത്തില്‍ ഒരു പോലിസുകാരി പൂച്ചയുടെ ചെവിയും തലയില്‍ കിരീടവുമായി പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു കൊലപാതകക്കേസിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് വിശദീകരിച്ചുകൊടുക്കുന്നതിനിടയിലാണ് സംഭവം. പോലിസുകാരിയെ പറ്റിച്ചതും ഫില്‍റ്ററുകളാണ്.