അനധികൃത സ്വത്ത് സമ്പാദനക്കേസ്; വിജിലന്‍സ് കോടതിയിലെ തുടര്‍ നടപടികള്‍ സ്‌റ്റേ ചെയ്ത് ഹൈക്കോടതി

Update: 2025-08-27 08:16 GMT

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ വിജിലന്‍സ് കോടതിയിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. നടപടിക്രമങ്ങളില്‍ പ്രഥമദൃഷ്ട്യാ വീഴ്ചയുണ്ടെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ നടപടി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് അന്വേഷണം പ്രഹസനമെന്ന് ഹൈക്കോടതി വിമര്‍ശിച്ചു.

അനധികൃത സ്വത്ത് എഡിജിപിക്കെതിരായ കേസ് ജൂനിയര്‍ ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത് സുതാര്യ നടപടിയല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, സല്യൂട്ട് ചെയ്യേണ്ട ഉദ്യോഗസ്ഥന്‍ എങ്ങനെ എഡിജിപിയെ ചോദ്യം ചെയ്യുമെന്ന് വിജിലന്‍സിനോട് ചോദിച്ചു. എംആര്‍ അജിത് കുമാറിന്റെ ഹരജി സെപ്തംബര്‍ 12ന് വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.

അതേസമയം, ക്ലീന്‍ ചിറ്റ് റദ്ദാക്കിയ ഉത്തരവില്‍ വിജിലന്‍സ് കോടതി മുഖ്യമന്ത്രിക്കെതിരേ കൊണ്ടു വന്ന പരാമര്‍ശങ്ങള്‍ തെറ്റാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പരാമര്‍ശങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Tags: