ഉത്തര്‍പ്രദേശില്‍ കൊഡീന്‍ അടങ്ങിയ ചുമമരുന്നിന്റെ അനധികൃത വ്യാപാരം; പിന്നില്‍ വന്‍ ലഹരി റാക്കറ്റെന്ന് പോലിസ്

Update: 2025-11-23 07:40 GMT

ലക്‌നോ: ഉത്തര്‍പ്രദേശില്‍ കൊഡീന്‍ അടങ്ങിയ ചുമമരുന്നിന്റെ അനധികൃത വ്യാപാരവുമായി ബന്ധപ്പെട്ട് വന്‍ ലഹരി റാക്കറ്റ്. ഗാസിയാബാദില്‍ കഫ് സിറപ്പ് കൊണ്ടുപോകുന്ന ഒരു ട്രക്ക് പിടിച്ചെടുത്തതിനെ തുടര്‍ന്ന് നടന്ന പരിശോധനയിലാണ് വര്‍ഷങ്ങളായി തുടരുന്ന കെമിക്കല്‍ ലഹരിയുടെ പിന്നിലെ ശൃംഖല വെളിപ്പെട്ടത്. റാഞ്ചി ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തില്‍ നിന്ന് യുപിയിലെ വിവിധ ജില്ലകളിലേക്കും ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലേക്കും വലിയ തോതില്‍ കൊഡീന്‍ സിറപ്പ് കടത്തിയതായാണ് കണ്ടെത്തിയത്. മരുന്നുകളുടെ ഉല്‍പ്പാദകരെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും, കൂടുതല്‍ അന്വേഷണത്തിനായി മൂന്നംഗ പ്രത്യേക സംഘത്തെ നിയമിച്ചതായി അധികൃതര്‍ അറിയിച്ചു.

ഏകദേശം 57 കോടി രൂപ വിലമതിക്കുന്ന 37 ലക്ഷത്തിലധികം കൊഡീന്‍ സിറപ്പ് കുപ്പികള്‍ വ്യാജ രേഖകള്‍ സൃഷ്ടിച്ച് ഒരു ഡസനിലധികം മെഡിക്കല്‍ സ്‌റ്റോറുകള്‍ വഴി വിറ്റതായും ഡ്രഗ്‌സ് വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഡ്രഗ് ഇന്‍സ്‌പെക്ടര്‍ രജത് കുമാര്‍ പാണ്ഡെയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 12 മെഡിക്കല്‍ സ്‌റ്റോര്‍ ഉടമകള്‍ക്കും മറ്റു രണ്ടുപേര്‍ക്കുമെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി റാഞ്ചി സിറ്റി പോലിസ് സൂപ്രണ്ട് ആയുഷ് ശ്രീവാസ്തവ വ്യക്തമാക്കി.

ഗാസിയാബാദില്‍ ട്രക്ക് പിടിച്ചെടുത്തതിനു പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഇടപെടുകയും, നവംബര്‍ 12 മുതല്‍ 19 വരെ എഫ്എസ്ഡിഎ യുപി നടത്തിയ പ്രത്യേക ഡ്രൈവില്‍ വലിയ തോതിലുള്ള രേഖാ കൃത്രിമത്വം കണ്ടെത്തുകയും ചെയ്തു. ഇതോടെയാണ് ചുമമരുന്ന് കടത്ത് റാക്കറ്റ് പൂര്‍ണമായും പുറത്ത് വന്നത്.

Tags: