അനധികൃത പാര്‍ക്കിങ്; ബൈക്ക് യാത്രികനെ ഉള്‍പ്പെടെ ക്രെയിനില്‍ പൊക്കി പൂനെ പോലിസ്

വാഹനം ക്രെയിന്‍ ഉപയോഗിച്ച് നീക്കുന്നതിനിടെ ബൈക്കുടമ ഇരുചക്രവാഹനത്തില്‍ വന്ന് ഇരിക്കുകയായിരുന്നുവെന്നാണ് പൊലീസ് സംഭവത്തേക്കുറിച്ച് പറയുന്നത്.

Update: 2021-08-21 09:10 GMT

പൂനെ: റോഡരികിലെ അനധികൃത പാര്‍ക്കിങിന്റെ പേരില്‍ യാത്രികന്‍ സഹിതം ബൈക്ക് ക്രെയിനില്‍ പൊക്കി പോലിസ് നടപടി. അനധികൃതമായി വാഹനങ്ങള്‍ നിര്‍ത്തിയിട്ടതുമൂലം സാന്റ് കബീര്‍ ചൌക്കില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെയാണ് ട്രാഫിക് പൊലീസ് കടുത്ത നടപടികളിലേക്ക് തിരിഞ്ഞത്.


ഇന്നലെ വൈകുന്നേരം പൂനെയിലെ നാന പെത്ത് ഭാഗത്താണ് സംഭവം. സമര്‍ത്ഥ് ട്രാഫിക് പൊലീസിന്റേതായിരുന്നു വിചിത്ര നടപടി. അനധികൃതമായ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളെല്ലാം തന്നെ ട്രാഫിക്ക് പൊലീസ് ക്രെയിനിന്റെ സഹായത്തോടെ നീക്കാന്‍ തുടങ്ങി. ഇതിനിടയിലാണ് ബൈക്കിലിരിക്കുന്ന ഉടമസ്ഥനേയടക്കം പൊക്കിയത്.


പാര്‍ക്ക് ചെയ്തിട്ടില്ലെന്ന ബൈക്ക് ഉടമയുടെ വാദങ്ങളൊന്നും കേക്കാതെയായിരുന്നു ട്രാഫിക്ക് പൊലീസിന്റെ നടപടി. എന്നാല്‍ വാഹനം ക്രെയിന്‍ ഉപയോഗിച്ച് നീക്കുന്നതിനിടെ ബൈക്കുടമ ഇരുചക്രവാഹനത്തില്‍ വന്ന് ഇരിക്കുകയായിരുന്നുവെന്നാണ് പൊലീസ് സംഭവത്തേക്കുറിച്ച് പറയുന്നത്. ഇറങ്ങാന്‍ ആവശ്യപ്പെട്ടിട്ടും യുവാവ് തയ്യാറാകാതെ തര്‍ക്കിക്കാന്‍ തുടങ്ങി. ഇത് ഈ മേഖലയിലെ ഗതാഗതക്കുരുക്ക് ഒന്നുകൂടി രൂക്ഷമാകാന്‍ കാരണമായെന്നും യുവാവില്‍ നിന്ന് പിഴ ഈടാക്കിയെന്നും പൊലീസ് പ്രതികരിക്കുന്നത്.


ഈ നടപടി ശ്രദ്ധയില്‍പ്പെട്ടതോടെ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദിലീപ് വാല്‍സെ പാട്ടീല്‍ സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ നോ പാര്‍ക്കിംഗ് ഭാഗത്ത് വാഹനമിട്ട യുവതിയെ കാറടക്കം ക്രെയിന്‍ ഉപയോഗിച്ച് പൊക്കിയ സംഭവം മുംബൈയില്‍ റിപോര്‍ട്ട് ചെയ്തിരുന്നു.




Tags: