അനധികൃത ഖനനം: കാവുന്തറയില്‍ 17 ലോറികള്‍ പിടികൂടി

Update: 2020-11-14 18:11 GMT

കോഴിക്കോട്: അനധികൃതമായി കരിങ്കല്ല് കയറ്റി കൊണ്ടു പോവുകയായിരുന്ന 17 ലോറികള്‍ പിടികൂടി. നൊച്ചാട് പഞ്ചായത്തിലെ കാവുന്തറ കല്ലാങ്കണ്ടി ക്വാറിയില്‍ നിന്നാണ് ലോറികള്‍ പിടികൂടിയത്. ജില്ലാ കലക്ടര്‍ സാംബശിവറാവുവിന്റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥ സംഘമാണ് പരിശോധന നടത്തി വാഹനങ്ങള്‍ പിടിച്ചെടുത്തത്. ലോറികള്‍ കൊയിലാണ്ടി താലൂക്ക് ഓഫീസ് വളപ്പിലേക്കു മാറ്റി.

മാനദണ്ഡം പാലിക്കാതെ കരിങ്കല്ല് പൊട്ടിച്ച് കൊണ്ടുപോവുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. അസിസ്റ്റന്റ് കലക്ടര്‍ ശ്രീധന്യ സുരേഷ്, കൊയിലാണ്ടി തഹസില്‍ദാര്‍ സി.പി മണി, ടി ഷിജു, എം.പി ജിതേഷ് ശ്രീധര്‍, വി.കെ ശശിധരന്‍, സി.പി ലിതേഷ്, എ സുബീഷ്, ശരത്ത് രാജ്, കെ.സനില്‍, ബിനു എന്നിവര്‍ റവന്യു സംഘത്തിലുണ്ടായിരുന്നു.

Tags: