കെ സുധാകരനെതിരെ വിജിലന്‍സ് പ്രാഥമികാന്വേഷണം; രാഷ്ട്രീയ പ്രേരിതമെന്ന് രമേശ് ചെന്നിത്തല
അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് കെ സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്‍കിയ പരാതിയിലാണ് അന്വേഷണം
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം. കെ സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബുവിന്റെ പരാതിയിലാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.
അന്വേഷണ ഉത്തരവ് വിജിലന്‍സ് ഡയറക്ടര്‍ കോഴിക്കോട് എസ്പി യ്ക്ക് കൈമാറി. കരുണാകരന്‍ ട്രസ്റ്റിന്റെ പേരിലും, പാര്‍ട്ടി ഓഫിസ് നിര്‍മാണവുമായി ബന്ധപ്പെട്ടും പണപ്പിരവ് നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും.
കെപിസിസി പ്രസിഡന്റിനെതിരേയുള്ള ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.