കൂട്ട സ്ഥിരപ്പെടുത്തല്‍: രാഷ്ട്രീയ പരിഗണനയില്ല; പത്ത് വര്‍ഷമോ അതില്‍ അധികമോ സര്‍വീസുള്ളവരെ മാനിഷുക പരിഗണനവെച്ച് നിയമനമെന്ന് മുഖ്യമന്ത്രി

ഉദ്യോഗാര്‍ഥി സമരം; അപകടകരമായ സമരമാണ്, മനുഷ്യന് ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി പിഎസ് സി ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും, സരിതയുടെ തൊഴില്‍ തട്ടിപ്പില്‍ പരാതി കി്ട്ടിയാല്‍ അന്വേഷിക്കും

Update: 2021-02-10 14:09 GMT

തിരുവനന്തപുരം: കൂട്ട സ്ഥിരപ്പെടുത്തല്‍ സംബന്ധിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. രാഷ്ട്രീയ പരിഗണന നോക്കി ആരെയെങ്കിലും ഉള്‍ക്കൊല്ലലോ പുറം തള്ളലോ നിയമനങ്ങളില്‍ ഉണ്ടായിട്ടില്ല. പത്ത് വര്‍ഷത്തിലധികം സര്‍വ്വീസുള്ളവരെയാണ് നിയമിച്ചത്. പിഎസ് സിയുടെ പരിധിയിലില്ലാത്ത സ്ഥാപനങ്ങളിലാണ് ഈ നിയമങ്ങള്‍ നടക്കുന്നത്. അതിനാല്‍ പിഎസ് സി ലിസ്റ്റിലുള്ളവരെ ഈ നിയമനം ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രീയ പരിഗണനയുമില്ല. മാനുഷിക പരിഗണന മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഏതെങ്കിലുമൊരാള്‍ വിചാരിച്ചാല്‍ സര്‍ക്കാര്‍ ജോലി നല്‍കാന്‍ കഴിയില്ലെന്നു സരിത കെ നായരുടെ വിവാദ വെളിപ്പെടുത്തല്‍ സംബന്ധിച്ചുളള ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. പല തട്ടിപ്പുകളും നാട്ടില്‍ നടക്കുന്നുണ്ട്. പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലുമൊരാള്‍ ആഗ്രഹിക്കുന്ന രൂപത്തില്‍ ആര്‍ക്കെങ്കിലും സംസ്ഥാനത്ത് തൊഴില്‍ നല്‍കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

റാങ്ക് ലിസ്റ്റില്‍ പെടുന്ന എല്ലാ ആളുകള്‍ക്കും ജോലി ലഭിക്കുമെന്നത് മിഥ്യാധാരണയാണെന്നും നൂറുപേരുടെ പട്ടികയുണ്ടെങ്കില്‍ അതില്‍ 20 പേര്‍ക്ക് മാത്രമേ തൊഴില്‍ ലഭിക്കുകയുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. നരേന്ദ്രന്‍ കമ്മീഷന്‍ റിപോര്‍ട്ട് പുറത്ത് വന്നതോടെയാണ് പിഎസ് സി ലിസ്റ്റ് ചീര്‍ത്ത് വരാന്‍ തുടങ്ങിയത്. ചെറുപ്പക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി പല നീക്കങ്ങളും നടക്കുന്നുണ്ട്. ഈ നീക്കങ്ങളുടെ അടിസ്ഥാനത്തിലാണ് ധനമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും പ്രതികരിച്ചത്.

ഉദ്യോഗാര്‍ഥി സമരത്തെ മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇത്തരം അപകടകരമായ നീക്കത്തിന് ഒരിക്കലും യുവതീയുവാക്കള്‍ നിന്നുകൊടുക്കരുത്. വൈകാരികമായ പ്രതികരണം ശരിയല്ല. ഈയടുത്ത് ദേഹത്ത് എണ്ണയൊഴിച്ച് ഒരിടത്ത് അപകടം സൃഷ്ടിച്ചിരുന്നു. ഇത് അങ്ങേയറ്റം അപകടകരമായ ഒന്നാണ്. പല ഉദ്യേശത്തോടെയാണ് അവിടെ ആളുകള്‍ കൂടി നില്‍ക്കുന്നത്. ആപത്ത് വരുത്തിവയ്ക്കരുത്. ഇത് മനുഷ്യന് ചേര്‍ന്ന രീതിയല്ല. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ പലതുമുണ്ടാകാം. ജീവന്‍ അപകടത്തിലാക്കരുത്. ഉദ്യോഗാര്‍ഥികള്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ എപ്പോഴും സ്വീകരിക്കുന്നത്. താല്‍ക്കാലിക ജീവനക്കാര്‍ എത്ര പേരെയാണ് ഈ സര്‍ക്കാര്‍ നിയമിച്ചിട്ടുള്ളതെന്ന് പിന്നീട് അറിയിക്കും. പിഎസ്‌സി ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Tags: