മദ്രാസ് ഐഐടിയല്ല, അയ്യങ്കാര്‍ കോട്ട

ദലിതരെയും പിന്നാക്കക്കാരെയും ന്യൂനപക്ഷങ്ങളെയും പുകച്ചുപുറത്തുചാടിക്കുകയാണ് ഈ കോട്ടയിലെ സവര്‍ണ അന്തേവാസികളുടെ ലക്ഷ്യം. അതുതന്നെയാണ് അവിടെ നടന്നതും. അതിന്റെ അവസാന ഇരയാണ് ഫാത്തിമ ലത്തീഫ്.

Update: 2019-11-13 18:27 GMT

ചെന്നൈ: അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍ മദ്രാസ് ഐഐടിയില്‍ രൂപമെടുക്കുമ്പോള്‍ അവര്‍ ആ സ്ഥാപനത്തെ വിശേഷിപ്പിച്ചിരുന്നത് അയ്യര്‍, അയ്യങ്കാര്‍, ടെക്‌നോളജി എന്നാണ്. ചെയ്ഞ്ച് ഇന്ത്യ ഡയറക്ടറുടെ അഭിപ്രായത്തില്‍ ഐഐടി മദ്രാസ് ഒരു അഗ്രഹാരമാണ്. അവിടത്തെ വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, അധ്യാപകരും സവര്‍ണ പക്ഷപാതികളും ബിജെപി-മോദി ആരാധകരുമാണ്.

ഐഐടി മദ്രാസ് ഇന്നല്ല എന്നും ഒരു ബ്രാഹ്മണ കോട്ടയായിരുന്നു. 2008 ലെ ഒരു കണക്കനുസരിച്ച് ഒബിസി വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ഏര്‍പ്പെടുന്ന കാലത്തുതന്നെ മദ്രാസ് ഐഐടിയില്‍ പൊതുവിഭാഗത്തില്‍ 77.5ശതമാനവും തമിഴ് ബ്രാഹ്മണരായിരുന്നു. തമിഴ്‌നാട്ടിലെ ജനസംഖ്യയില്‍ 3 ശതമാനം മാത്രമാണ് തമിഴ് ബ്രാഹ്മണര്‍. ഇതില്‍ മാറ്റമുണ്ടാവുന്നത് കഴിഞ്ഞ ദശകത്തിലാണ്. എന്നാല്‍ അപ്പോഴും 85 ശതമാനം അധ്യാപകരും ഉയര്‍ന്ന ജാതിയില്‍ നിന്നായിരുന്നു. അധ്യാപകരില്‍ പത്ത് ശതമാനം മാത്രമാണ് ഒബിസി, പിന്നെ കുറച്ച് ദലിതരും.

ഒരുപക്ഷേ, സംവരണത്തിനെതിരേ ഏറ്റവും കടുത്ത ആക്രമണം ഉയര്‍ന്നുവന്ന വിദ്യാലയമാണ് മദ്രാസ് ഐഐടി. 1983 ല്‍ ഐഐടിയിലെ 20 ാം ബിരുദദാനച്ചടങ്ങിനെത്തിയ രാഷ്ട്രപതി ഗ്യാനി സെയില്‍സിങ്ങ് ഉള്ള വേദിയില്‍ വച്ച് അന്നത്തെ സവര്‍ണനായ ഡയറക്ടര്‍ പി വി ഇന്ദിരേശന്‍ സംവരണത്തെ ഇകഴ്ത്തിക്കൊണ്ട് സംസാരിച്ചു. സംവരണം ഐഐടിയുടെ നിലവാരം താഴ്ത്തുന്നുവെന്നാണ് അദ്ദേഹം പരാതിപ്പെട്ടത്. ഐഐടിയുടെ പവിത്രത ഇല്ലാതാവുന്നു, സംവരണം ഐഐടിയെ രാഷ്ട്രീയക്കാരുടെ കൈകളിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദലിതരും പിന്നാക്കക്കാരും ന്യൂനപക്ഷങ്ങളും മടിച്ചുമടിച്ചാണെങ്കിലും ഇത്തരം സ്ഥാപനങ്ങളിലെത്താന്‍ തുടങ്ങിയ കാലമായിരുന്നു അത്.

ഐഐടിയില്‍ ദലിത്, പിന്നാക്ക, ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രാലയം അത് പഠിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനുമായി 1984ല്‍ ഒരു 17 അംഗ പാര്‍ലമെന്ററി കമ്മിറ്റിയെ നിയമിച്ചു. എസ്.എസി /എസ്.ടി വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി പ്രത്യേക പ്രവേശന പരീക്ഷ നടത്താന്‍ ഈ കമ്മിറ്റി ശുപാര്‍ശ ചെയ്തു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇന്ദിരേശനെ പോലുള്ളവര്‍ ഐഐടിയുടെ പവിത്രത പോയെന്ന് വിലപിക്കാന്‍ തുടങ്ങുന്നത്. കീഴാള വിഭാഗങ്ങളില്‍ നിന്നുള്ളവരെ വിലക്കുന്ന രീതിയില്‍ കടുപ്പമേറിയ ചോദ്യങ്ങള്‍ തയ്യാറാക്കുന്ന പതിവും മദ്രാസ്് ഐഐടിക്കുണ്ടെന്ന് പാര്‍ലമെന്ററി കമ്മിറ്റി കണ്ടെത്തി. എല്ലാ ഐഐടികളിലും കൂടി 250 സീറ്റുകള്‍ സംവരണീയര്‍ക്ക് മാറ്റിവക്കാറുണ്ടെങ്കിലും അതില്‍ 50 കുട്ടികള്‍ മാത്രമേ പ്രവേശനം നേടാറുള്ളുവെന്നാണ് ഒരു കണക്ക്.

ഒരുഭാഗത്ത് ഐഐടി ഒരു അയ്യങ്കാര്‍ കോട്ടയായി വിരാചിക്കുമ്പോള്‍ അതിനെതിരേ കീഴാള വിദ്യര്‍ത്ഥികളില്‍ നിന്ന് പ്രതികരണവുമുണ്ടായി. അതിന്റെ ഭാഗമായിരുന്നു നേരത്തെ പറഞ്ഞ അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍. ഹിന്ദുത്വശക്തികളുടെ വളര്‍ച്ചയും കന്നുകാലിക്കച്ചവടക്കാര്‍ക്കെതിരേയുള്ള സംഘ്പരിവാര്‍ ശക്തികളുടെ അക്രമങ്ങളും വ്യാപകമായതോടെ അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍ ബീഫ് ഫെസ്റ്റിവലുമായി രംഗത്തുവന്നു. 2012 ല്‍ ഐഐടിയിലെ ഹോസ്റ്റലില്‍ മാത്രം ഒതുങ്ങിനിന്ന ബീഫ് ഫെസ്റ്റിവല്‍ പിന്നീട് പുറത്തേക്കെത്തിയെന്നു മാത്രമല്ല, രാജ്യത്താകമാനം പടര്‍ന്നുപിടിക്കുകയും ചെയ്തു. കന്നുകാലി കച്ചവടത്തിനെതിരേ കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിയമമായിരുന്നു ബീഫ്‌ഫെസ്റ്റിവലിലേക്ക് നയിച്ച അടിയന്തിര പ്രകോപനം. ദലിത് പിന്നാക്ക വിദ്യാര്‍ത്ഥികളുടെ മുന്‍കൈയില്‍ നടന്ന ബീഫ് ഫെസ്റ്റിവലിനെതിരേ ഒരു വിഭാഗം സവര്‍ണ വിദ്യാര്‍ത്ഥികള്‍ അക്രമം അഴിച്ചുവിട്ടു. എയറോസ്‌പേസ് വിഭാഗത്തിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥി ആര്‍ സൂരജിന്റെ കണ്ണിന് പരിക്കേറ്റു. മറ്റൊരാള്‍ക്ക് കൈയ്ക്കും പരിക്കേറ്റു.

അംബേദ്കര്‍ സ്റ്റഡി സര്‍ക്കിള്‍ തുടങ്ങുമ്പോള്‍ കാമ്പസില്‍ 5000ത്തില്‍ ആകെ 300 വിദ്യാര്‍ത്ഥികള്‍ മാത്രമേ അതില്‍ ചേര്‍ന്നുള്ളൂ. എന്നിട്ടും സവര്‍ണവിദ്യാര്‍ത്ഥികള്‍ ഇവര്‍ക്കെതിരേ സംഘം ചേര്‍ന്നു. ഐഐടിയുടെ അന്തരീക്ഷത്തെ കലുഷിതമാക്കുന്നു, എന്നായിരുന്നു പരാതി. ആ സമയത്ത് അംബേദകര്‍ സ്റ്റഡി സെന്റര്‍ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയ മുദ്രാവാക്യവും ഏറെ പ്രകോപനപരമായിരുന്നു. ബീഫ് ഞങ്ങള്‍ക്ക് പശുമൂത്രം നിങ്ങള്‍ക്ക്. അതായിരുന്നു മുദ്രാവാക്യം.

ഈ സാഹചര്യത്തില്‍ വേണം ഫാത്തിമ ലതീഫിന്റെ ആത്മഹത്യയെ മനസ്സിലാക്കാന്‍. ഒരു സവര്‍ണസ്ഥാപനത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്ന മുസ്‌ലിം വിദ്യര്‍ത്ഥിയോട് ക്ഷമിക്കാന്‍ കഴിയുന്നവരല്ല ഇന്നും അവിടെയുളള അധ്യാപകര്‍. ഒരു അയ്യങ്കാര്‍ കോട്ടയില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാനും വയ്യ. ഈ വര്‍ഷം തന്നെ അഞ്ചു പേരോളം അവിടെ ആത്മഹത്യ ചെയ്തിട്ടുണ്ട്. അതില്‍ ഒരാള്‍ അവിടത്തെ അധ്യാപികയുമാണ്. ദലിതരെയും പിന്നാക്കക്കാരെയും ന്യൂനപക്ഷങ്ങളെയും പുകച്ചുപുറത്തുചാടിക്കുകയാണ് ഈ കോട്ടയിലെ സവര്‍ണ അന്തേവാസികളുടെ ലക്ഷ്യം. അതുതന്നെയാണ് അവിടെ നടന്നതും. അതിന്റെ അവസാന ഇരയാണ് ഫാത്തിമ ലത്തീഫ്.  

Tags:    

Similar News