മോണ്‍സന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു; ഐജി ജി ലക്ഷ്മണയെ സസ്‌പെന്റ് ചെയ്തു

പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിനിയെ മോന്‍സന് പരിചയപ്പെടുത്തിയത് ഐജിയാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. പുരാവസ്തുക്കള്‍ തിരുവനന്തപുരത്ത് എത്തിക്കാന്‍ ഐജി നിര്‍ദേശിച്ചെന്നും ആന്ധ്ര സ്വദേശിനിയുടേതായി പുറത്ത് വന്ന ശബ്ദ സന്ദേശത്തില്‍ പറയുന്നു

Update: 2021-11-10 05:01 GMT

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് വീരന്‍ മോണ്‍സന്‍ മാവുങ്കലുമായി വഴിവിട്ട ബന്ധം പുലര്‍ത്തിയ ഐജി ജി ലക്ഷ്മണയെ സസ്‌പെന്റ് ചെയ്തു. ഗുഗുലോത്ത് ലക്ഷ്മണയുടെ ഇടപെടല്‍ പോലിസിന്റെ മാന്യതയ്ക്ക് ചേരാത്ത നടപടിയാണെന്ന് നേരത്തെ ഡിജിപി അനില്‍കാന്ത് റിപോര്‍ട്ട് നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഐജി ലക്ഷ്മണയെ സസ്‌പെന്റ് ചെയ്യാനുള്ള ഉത്തരവില്‍ ഒപ്പുവച്ചത്.

ലക്ഷ്മണക്കെതിരേ കേസ് എടുക്കാനുള്ള സാധ്യത ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. മോന്‍സന്റെ പുരാവസ്തുക്കള്‍ വില്‍ക്കാന്‍ ഇടനിലക്കാരനായി ലക്ഷ്മണ പ്രവര്‍ത്തിച്ചിരുന്നു എന്നാണ് പ്രധാന ആക്ഷേപം.

ലക്ഷ്മണ്‍ സ്ത്രീയോട് മോശമായി പെരുമാറിയെന്ന ആക്ഷേപത്തില്‍ പരാതി ലഭിക്കുമോ എന്ന് തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ക്രൈബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.

പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിനിയെ മോന്‍സന് പരിചയപ്പെടുത്തിയത് ഐജി

പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിനിയെ മോന്‍സന് പരിചയപ്പെടുത്തിയത് ഐജിയാണ് എന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവന്നു. പുരാവസ്തുക്കള്‍ തിരുവനന്തപുരത്ത് എത്തിക്കാന്‍ ഐജി നിര്‍ദേശിച്ചെന്നും ആന്ധ്ര സ്വദേശിനിയുടേതായി പുറത്ത് വന്ന ശബ്ദ സന്ദേശത്തില്‍ പറയുന്നു. ഐജി ലക്ഷ്മണയുടെ ബിസിനസിന് പങ്കാളിയെന്ന നിലയിലാണ് ആന്ധ്ര സ്വദേശിനിയുടെ ഇടപെടല്‍ എന്ന് വ്യക്തമാക്കുന്നതാണ് ഓഡിയോ ക്ലിപ്പ്. ഇടനിലക്കാരിയായ ആന്ധ്ര സ്വദേശിനിയുമായി തിരുവനന്തപുരം പോലിസ് ക്ലബില്‍ മോന്‍സണ്‍ കൂടിക്കാഴ്ച നടത്തി. ഐജി ലക്ഷ്മണയായിരുന്നു കൂടിക്കാഴ്ച ഒരുക്കിനല്‍കിയത്. പോലിസ് ക്ലബ്ബില്‍ ഐജി ആവശ്യപ്പെട്ടത് പ്രകാരം മോന്‍സന്റെ വീട്ടില്‍ നിന്ന് പുരാവസ്തുക്കള്‍ എത്തിച്ചു എന്നുമാണ് പുറത്ത് വരുന്ന വിവരം.

ഓഗസ്റ്റ് 5നായിരുന്നു കൂടിക്കാഴ്ച. ഇതിന് പുറമെ മോണ്‍സന്റെ മാനേജര്‍ ജിഷ്ണുവുമായി ഐജി ലക്ഷ്മണ ഫോണില്‍ നടത്തിയ ചാറ്റ് പുറത്തുവന്നു. മോണ്‍സന്റെ മാനേജരുമായി നിരവധി തവണ ഫോണ്‍ സംഭാഷണം നടത്തിയതിന്റെ രേഖകളും, ഇടപാടിന് മുന്‍പ് പുരാവസ്തുക്കളുടെ ചിത്രം മോന്‍സന്റെ ജീവനക്കാര്‍ ഇടനിലക്കാരിക്ക് അയച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും പുറത്ത് വന്നിട്ടുണ്ട്. ഐ ജി ലക്ഷ്മണയുടെ മൂന്ന് പിഎസ്ഒ മാര്‍ക്കെതിരെയും ആരോപണമുണ്ട്.

മോണ്‍സനുമായി വഴിവിട്ട ബന്ധം പുലര്‍ത്തിയ മുന്‍ ഡിഐജി സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.

Tags: