ഐഎഫ്എഫ്കെ; ഫലസ്തീന്‍ പ്രമേയമാക്കിയുള്ള ചിത്രങ്ങള്‍ ഉള്‍പ്പടെ 19 സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയില്ല

ഫലസ്തീന്‍ പ്രമേയമാക്കിയുള്ള നാലു ചിത്രങ്ങള്‍ക്ക് അനുമതി ലഭിച്ചില്ല

Update: 2025-12-15 12:22 GMT

തിരുവനന്തപുരം: ഐഎഫ്എഫ്കെയില്‍ 19 സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയില്ല. സെന്‍സര്‍ എക്സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതുകൊണ്ടാണ് പ്രദര്‍ശനം മുടങ്ങിയത്. ഫലസ്തീന്‍ പ്രമേയമാക്കിയുള്ള ചിത്രങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിക്കുന്ന ചിത്രങ്ങള്‍ക്കുമാണ് അനുമതി നിഷേധിച്ചത്. ചലച്ചിത്രമേളയെ അട്ടിമറിക്കാനുള്ള നീക്കമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞു. ഒരു കൂട്ടം ഭ്രാന്തന്മാരാണ് ആ സിനിമ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് പറയുന്നത്. രാജ്യം അപകടകരമായ അവസ്ഥയിലേക്ക് പോകുന്നു എന്നതിന്റെ തെളിവാണിതെന്ന് എം എ ബേബി പ്രതികരിച്ചു.

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാത്ത സിനിമകള്‍ എക്സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റോടു കൂടിയാണ് സാധാരണ പ്രദര്‍ശിപ്പിക്കാറുള്ളത്. ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. 19 സിനിമകള്‍ക്കാണ് ഇത്തരത്തില്‍ അനുമതി ലഭിക്കാത്തതിനാല്‍ പ്രദര്‍ശനം നടത്താന്‍ കഴിയാത്തത്. ഫലസ്തീന്‍ പാക്കേജിലെ നാലു ചിത്രങ്ങളും അനുമതി ലഭിക്കാത്തവയില്‍ ഉള്‍പ്പെടും. ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ച ഫലസ്തീന്‍ 36നും അനുമതി ലഭിച്ചില്ല. ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നേടിയ അബ്ദു റഹ്‌മാന സിസാക്കോയുടെ റ്റിംബക്റ്റൂ എന്ന ചിത്രവും, ബാറ്റ്ല്‍ഷിപ്പ് പൊട്ടെംകിന്‍, സ്പാനിഷ് ചിത്രമായ ബീഫ് തുടങ്ങിയവയാണ് പ്രദര്‍ശനാനുമതി ലഭിക്കാത്ത ചിത്രങ്ങള്‍.

Tags: