'കൊടുത്താല്‍ കൊല്ലത്തു മാത്രമല്ല, ഇങ്ങ് മാളില്‍ വച്ചും കിട്ടും'; പോലിസുകാരനെ മര്‍ദിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ പിന്തുണച്ച് കെഎസ്‌യു നേതാവ്

Update: 2026-02-15 11:27 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാളില്‍ വച്ച് പോലിസുകാരനെ മര്‍ദിച്ച സംഭവത്തില്‍ എസ്എഫ്‌ഐയെ പിന്തുണച്ച് കെഎസ്‌യു നേതാവ്. പോലിസ് മര്‍ദനത്തെ ന്യായീകരിച്ച് കെഎസ്യു വൈസ് പ്രസിഡന്റ് അരുണ്‍ രാജേന്ദ്രനാണ് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. പോലിസിലെ ക്രിമിനലുകള്‍ക്ക് ഇങ്ങനെ തന്നെ മറുപടി നല്‍കണം. കാക്കി ആരേയും ആക്രമിക്കാനോ മര്‍ദിക്കാനോ ഉള്ള ലൈസന്‍സ് അല്ലെന്നും അരുണ്‍ രാജേന്ദ്രന്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

കൊടുത്താല്‍ കൊല്ലത്ത് മാത്രമല്ല, മാളിലും കിട്ടും. പോലിസ് അതിക്രമത്തെ ഒരുകൂട്ടം എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ അക്രമം എന്ന തരത്തില്‍ വാര്‍ത്ത വരുന്നുണ്ട്. എന്നാല്‍ അതിന്റെ സത്യാവസ്ഥ അതല്ലെന്നും അരുണ്‍ പറയുന്നു. ന്യൂയര്‍ പരിപാടിക്കിടെ ആഘോഷങ്ങള്‍ മാറ്റിവച്ച് ഉപജീവനത്തിനിറങ്ങിയ ഒരു കൂട്ടം ചെറുപ്പക്കാര്‍. പരിപാടിക്കിടെ സംഘര്‍ഷമുണ്ടാകുന്നു. താന്‍ മൈക്ക് ഓപ്പറേറ്റര്‍ ആണെന്ന് പറഞ്ഞിട്ടും അമ്മയുടെ മുന്നില്‍ വച്ച് പോലിസ് തലയ്ക്ക് അടിക്കുകയും യുവാവ് ബോധരഹിതനായി വീഴുകയുമായിരുന്നു. ചെറുപ്പക്കാരന്‍ ദിവങ്ങളോളം ആശുപത്രിയില്‍ കിടന്നുവെന്നും പോലിസ് അതിക്രമത്തിന് ഇരയായ യുവാവ് ഒരു സംഘടനയുടേയും ഭാഗമായല്ല അവിടെ പോയതെന്നും അരുണ്‍ രാജേന്ദ്രന്‍ പറയുന്നു.

പുതുവര്‍ഷ രാത്രിയില്‍ ശംഖുമുഖത്ത് നടന്ന മര്‍ദനത്തിന്റെ പ്രതികാരമായാണ് നന്ദാവനം എആര്‍ ക്യാംപിലെ സിപിഒ ആയ മിഥുന്‍ റോയിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇന്നലെ പിന്തുടര്‍ന്നെത്തി ആക്രമിച്ചത്. ഇന്നലെ വൈകിട്ട് മൂന്നിന് തിരുവനന്തപുരത്തെ ഷോപ്പിങ് മാളിലായിരുന്നു സംഭവം. എസ്എഫ്‌ഐക്കാര്‍ക്കെതിരേ പേട്ട പോലിസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ്. അതേസമയം മിഥുനും സഹോദരിക്കുമെതിരേ വഞ്ചയൂര്‍ പോലിസ് ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എസിപിയുടെ റിപോര്‍ട്ട് ലഭിച്ചാല്‍ മിഥുന്‍ റോയിക്കെതിരേ ചുമത്തിയ ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കുമെന്നാണ് വിവരം.

കെഎസ്യു വൈസ് പ്രസിഡന്റ് അരുണ്‍ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

കൊടുത്താല്‍ കൊല്ലത്തു മാത്രമല്ല, ഇങ്ങ് mall ഇല്‍ വച്ചും കിട്ടും....!

ഇന്നലെ നടന്ന പോലീസ് കാരനെ ആക്രമിച്ച സംഭവത്തില്‍ ഒരുകൂട്ടം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ അക്രമം എന്നൊരു വാര്‍ത്ത എല്ലാ മാധ്യമങ്ങളിലും വന്നുകൊണ്ടിരിക്കുന്നു...!

എന്നാല്‍ ആ വാര്‍ത്തയിലെ വസ്തുത എന്താണ്....?

ലോകമെങ്ങും ന്യൂയര്‍ ആഘോഷിക്കുമ്പോള്‍, ചെറുപ്പക്കാരൊക്കെ പ്രത്യേകിച്ച് GenZ തലമുറയാകെ ആഘോഷ രാവിന്റെ ലഹരി നുണയുന്ന ഒരു രാവില്‍,

ഒരു ചെറുപ്പക്കാരന്‍ എല്ലാ ആഘോഷങ്ങളും മാറ്റിവച്ചു അവന്റ ഉപജീവനം തേടി ജോലിക് പോവുന്നു....!

അവിടെ പരിപാടിയുടെ ഇടയില്‍ സംഘര്‍ഷം ഉണ്ടാകുന്നു, താന്‍ മൈക് ഒപ്പേററ്റര്‍ ആണെന്ന് പറഞ്ഞിട്ടും ഒരു പോലീസ് കാരന്‍ അവന്റ തലക്ക് അടിച്ചു വീഴ്ത്തുന്നു....!

അതും നൊന്തു പെറ്റ അമ്മയുടെ മുന്നില്‍ വച്ചു...!

മകന്‍ അടികൊണ്ടു ബോധരഹിതനായി കിടക്കുന്നത് കണ്ടു ഓടിവന്ന ആ അമ്മയുടെ നിലവിളിയും പ്രതികരണവും പൊതുസമൂഹം കണ്ടതാണ്....!

ഉപജീവനം തേടിപോയ ആ ചെറുപ്പക്കാരന്‍ ദിവസങ്ങളോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നു...!

തലക്ക് ലത്തി കൊണ്ട് അടിച്ച ആ അടി, അവന്റ ജീവന്‍ പോലും പോകാത്തക്ക വിധത്തിലുള്ള അടിയായിരുന്നു...!

അടികൊണ്ടു ആ ചെറുപ്പക്കാരന്‍ ബോധരഹിതനായി വീഴുന്നതും വീഡിയോ യില്‍ കാണാം....!

കാക്കിയും ലത്തി യും ഉണ്ടെന്ന ധാര്‍ഷ്ട്യത്തില്‍ ചെറുപ്പക്കാരുടെ മെക്കിട്ടു കേറുന്ന കാക്കിയിട്ട തെമ്മാടികള്‍ക്കുള്ള മറുപടിയാണ് ഈ അടിയെന്നാണ് എന്റെ അഭിപ്രായം....!

വിനയ് പ്രകാശ് ന്യൂയര്‍ ന് പോയത് ഏതെങ്കിലും ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ഭാഗമായി ആയിരുന്നില്ല, അവിടെ നടന്നതും വിദ്യാര്‍ത്ഥി പ്രസ്ഥാനവും പോലീസും തമ്മിലുണ്ടായ സംഘര്‍ഷവും ആയിരുന്നില്ല...!

തൃശൂര്‍ ഇല്‍ കെഎസ്‌യു പ്രവര്‍ത്തകരെ മാസ്‌ക് ഉം വിലങ്ങും അണിയിച്ചു, വീട് വളഞ്ഞു ആക്രമിച്ചു അറസ്റ്റ് ചെയ്ത് കൊണ്ടുപോയ CI ഷാനവാസ് ഉം, മണലൂര്‍ ഇലെ സുജിത്ത് നെ പോലീസ് സ്റ്റേഷന്‍ ഇല്‍ വച്ചു മര്‍ദിച്ച CI നൂറ് ഉം കൂട്ടാളികളും ഇവരൊക്കെയും പോലീസ് ഇലെ ഈ ക്രിമിനല്‍ സംഘത്തില്‍ പെട്ടവരാണ്....!

ഇത്തരത്തിലുള്ള ക്രിമിനലുകള്‍ക്ക് ഇങ്ങനെ തന്നെ മറുപടി കൊടുക്കണം എന്നുതന്നെയാണ് എന്റെ നിലപാട്....!

കാക്കിയും ലാത്തിയും ആരെയും ആക്രമിക്കാനോ, ആരെയും കൊല്ലാനോ ഉള്ള ലൈസന്‍സ് അല്ലെന്ന് ഓര്‍ക്കണം, അല്ലെങ്കില്‍ ഇത്തരത്തിലുള്ള ഓര്‍മപ്പെടുത്തലുകള്‍ ഇനിയും ഉണ്ടാവും....!

Tags: