ടിവിയോ ഫ്രിഡ്‌ജോ ഉണ്ടെങ്കില്‍ ബി.പി.എല്‍. പട്ടികയില്‍നിന്ന് പുറത്താക്കുമെന്ന് കര്‍ണാടക

തികച്ചും നിരുത്തരവാദപരമാണ് സര്‍ക്കാരിന്റെ നിര്‍ദേശമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

Update: 2021-02-16 04:45 GMT

ബെംഗളൂരു: സ്വന്തമായി ടി.വി. യോ ഫ്രിഡ്‌ജോ ഇരുചക്രവാഹനമോ ഉള്ളവരെ ബി.പി.എല്‍. പട്ടികയില്‍ നിന്ന് പുറത്താക്കുമെന്ന് കര്‍ണാടക ഭക്ഷ്യ പൊതുവിതരണ മന്ത്രി ഉമേഷ് കട്ടി. വാര്‍ഷിക വരുമാനം 1.2 ലക്ഷത്തില്‍ കുറവുള്ളവരാണ് കര്‍ണാടക സര്‍ക്കാര്‍ കണക്കില്‍ ബി.പി.എല്‍. പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ കൂടുതല്‍ വരുമാനമുണ്ടായിട്ടും ബി.പി.എല്‍. പട്ടികയിലുള്ളവര്‍ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ അനര്‍ഹമായി കൈപ്പറ്റുകയാണെന്നും മന്ത്രി പറഞ്ഞു. മാര്‍ച്ച് 31നുള്ളില്‍ ഇത്തരം കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കാത്തവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും.


തികച്ചും നിരുത്തരവാദപരമാണ് സര്‍ക്കാരിന്റെ നിര്‍ദേശമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. സാമ്പത്തികമായി ഏറ്റവും താഴേക്കിടയിലുള്ളവരുടെ വീടുകളില്‍ പോലും ടി.വി.യും ഫ്രിഡ്ജും ഇരുചക്രവാഹനവുമുണ്ടാകും. ഇത്തരം ഉപകരണങ്ങളൊന്നും ആഡംബരത്തിന്റെ പ്രതീകമല്ലെന്നും നിത്യജീവിതത്തിന് ആവശ്യമായ വസ്തുക്കളാണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. വായ്പയെടുത്താണ് ഇവ വാങ്ങുന്നത്. സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ടുപോകുകയാണെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.




Tags: