ഇടുക്കി: ഉള്‍നാടന്‍ മല്‍സ്യമേഖലയിലെ നശീകരണ മല്‍സ്യബന്ധന മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ വാട്ടര്‍ പട്രോളിങ് ശക്തമാക്കുന്നു

Update: 2021-01-28 17:36 GMT

ഇടുക്കി: ഉള്‍നാടന്‍ മത്സ്യത്തൊളിലാളികളുടെ പരമ്പരാഗത അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നശീകരണ മത്സ്യബന്ധനമാര്‍ഗ്ഗങ്ങള്‍ തടയുന്നതിനും ഇടുക്കി ജില്ലയില്‍ ഇന്‍ലാന്റ് പട്രോളിങ് ശക്തപെടുത്തുമെന്ന് ഫിഷറീസ് അസി. ഡയറക്ടര്‍ അറിയിച്ചു. നശീകരണ സ്വഭാവമുള്ള മത്സ്യബന്ധന മാര്‍ഗ്ഗങ്ങളായ വിഷ വസ്തുക്കള്‍, തോട്ട, തുരിശ്, വൈദ്യുതി ഉപയോഗിച്ചുള്ള മത്സ്യബന്ധനം ജില്ലയിലെ പൊതു ജലാശയങ്ങളില്‍ ഉപയോഗിക്കുന്നതായി പരാതി ലഭിച്ച സാഹചര്യത്തിലാണ് പട്രോളിങ് ശക്തമാക്കുന്നത്.

കേരള ഉള്‍നാടന്‍ ഫിഷറീസ് ആന്‍ഡ് അക്വകള്‍ച്ചര്‍ ആക്ടിലെ ചട്ടങ്ങള്‍ പ്രകാരം സംസ്ഥാനത്തെ പൊതു ജലാശയങ്ങളില്‍ ഏതൊരു വ്യക്തിയും മത്സ്യബന്ധനം ചെയ്യുന്നതിന് രജിസ്‌ട്രേഷനും ലൈസന്‍സും ഉണ്ടായിരിക്കേണ്ടതാണ്.

ഉള്‍നാടന്‍ ജലാശയങ്ങളില്‍ രണ്ടു സെ.മീറ്ററിന് മുകളില്‍ കണ്ണിവലുപ്പമുള്ള വലകളം ഉപയോഗിക്കാന്‍ അനുവാദം നല്‍കുകയുള്ളൂ. മത്സ്യത്തിന്റെ സഞ്ചാരം തടസപ്പെടുന്ന രീതിയില്‍ മത്സ്യബന്ധനം നടത്തുന്നത് ചട്ടവിരുദ്ധമാണ്. ആക്ടിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിരെ 25,000 രൂപ വരെ പിഴ ഈടാക്കാനും മത്സ്യബന്ധന ഉപകരണങ്ങള്‍ കണ്ടുകെട്ടാനും വ്യവസ്ഥകയുണ്ട്. നശീകരണ സ്വഭാവമുള്ള മത്സ്യബന്ധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്ന വ്യക്തികള്‍ക്കു ആറു മാസം തടവും പിഴയും ലഭിക്കാവുന്ന കുറ്റ കൃത്യങ്ങളാണ്.

പൊതുതജലാശത്തില്‍ വീശുവല ഉടക്ക് വല, എന്നിവ അംഗീകൃത മത്സ്യത്തോഴിലാളികള്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ അനുവാദമുള്ളു. വീട്ടാവശ്യത്തിനോ വിനോദ ആവശ്യങ്ങള്‍ക്കോ ചൂണ്ട ഉപയോഗിച്ചുള്ള മത്സ്യബന്ധനം ചെയ്യുന്നതിന് പൊതുജനങ്ങള്‍ക്കു നിയമപരമായി തടസമില്ല. മാട്ടുപെട്ടി, പൊന്‍മുടി, അഞ്ചുരുളി, കാഞ്ചിയാര്‍ തുടങ്ങിയ പൊതുജലാശയങ്ങളില്‍ ജലം വറ്റുന്ന മാസങ്ങളില്‍ അനധികൃത മത്സ്യബന്ധനം വ്യാപകമായി നടക്കുന്നതായി മത്സ്യത്തൊഴിലാളികളുടെ പരാതി ലഭിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ പൊതു ജലാശയങ്ങളില്‍ ഫെബ്രവരി മാര്‍ച്ച് മാസങ്ങളില്‍ കര്‍ശനമായ നിരീക്ഷണവും നിയന്ത്രണവും ഏര്‍പ്പെടുത്താനാണ് ജില്ലാ ഫിഷറീസ് ആസ്ഥാനം തീരിമാനിച്ചിരിക്കുന്നത്.

Tags: