രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കല്‍: സിപിഎം ഓഫിസ് ഒഴിപ്പിക്കാനുള്ള നീക്കമെന്ന് രവീന്ദ്രന്‍, ഓഫിസ് തൊടാന്‍ അനുവദിക്കില്ലെന്ന് എംഎം മണി

പരാതിയുള്ളവര്‍ക്ക് പുതിയ അപേക്ഷ നല്‍കാമെന്നും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ആരും പ്രതികരിക്കരുതെന്നും മന്ത്രി കെ രാജന്‍

Update: 2022-01-20 05:15 GMT

തിരുവനന്തപുരം: മൂന്നാറിലെ വിവാദമായ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനുള്ള റവന്യു വകുപ്പിന്റെ തീരുമാനത്തിനെതിരേ പരസ്യപ്രതികരണവുമായി സിപിഎം നേതാക്കള്‍. ഭൂമി പതിവ് ചട്ടങ്ങള്‍ ലംഘിച്ച് 1999ല്‍ ദേവികുളം താലൂക്കില്‍ അനുവദിച്ച പട്ടയങ്ങളാണ് റദ്ദാക്കുന്നത്. 45 ദിവസത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കാന്‍ ഇടുക്കി കലക്ടറെ ചുമതലപ്പെടുത്തിയാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.

സംസ്ഥാനത്ത് ഭൂമികയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പേരാണ് രവീന്ദ്രന്‍ പട്ടയങ്ങള്‍. 1999ല്‍ അഡീഷനല്‍ തഹസില്‍ദാറുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി തഹസില്‍ദാര്‍ എംഐ രവീന്ദ്രന്‍ ഇറക്കിയ പട്ടയങ്ങള്‍ വന്‍വിവാദമായിരുന്നു. ഭൂമി പതിവ് ചട്ടങ്ങള്‍ ലംഘിച്ച് വാരിക്കോരി പട്ടയങ്ങള്‍ നല്‍കിയെന്നായിരുന്നു പരാതി.

റവന്യുവകുപ്പ് നിയോഗിച്ച അഞ്ചംഗം സംഘം നാലുവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് പട്ടയങ്ങള്‍ 64 ലെ കേരള ഭൂമി പതിവ് ചട്ടവും 77ലെ കണ്ണന്‍ ദേവന്‍ ഹില്‍സ് ചട്ടവും ലംഘിച്ചാണ് നല്‍കിയതെന്ന് കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി എ ജയതിലക് പട്ടയം റദ്ദാക്കാന്‍ ഉത്തരവിട്ടത്.

ഇടുക്കിയിലെ പല പാര്‍ട്ടി ഓഫിസുകള്‍ക്കും രവീന്ദ്രന്‍ പട്ടയമാണെന്ന ആക്ഷേപമുണ്ടായിരുന്നു. പട്ടയം റദ്ദാക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ എല്ലാ പാര്‍ട്ടികളും നേരത്തെ എതിര്‍പ്പുയര്‍ത്തിയിരുന്നു. ഓരോ വില്ലേജിലും പ്രത്യേക സംഘത്തെ നിയോഗിച്ച് റദ്ദാക്കാനുള്ള നടപടി എടുക്കാനാണ് ഉത്തരവ്. പട്ടയം റദ്ദാക്കുന്ന സാഹചര്യത്തില്‍ നിലവിലെ ഉടമള്‍ക്ക് പുതിയ അപേക്ഷ വേണമെങ്കില്‍ നല്‍കാം. ഇത് ഡെപ്യട്ടി തഹസില്‍ദാരും റവന്യും ഇന്‍സ്‌പെക്ടര്‍മാരും അടങ്ങുന്ന സംഘം പരിശോധിക്കണം. 45 ദിവസത്തിനുള്ളില്‍ നടപടികള്‍ തീര്‍ക്കണമെന്നാണ് ഉത്തരവ്. 18.6.2019 ലായിരുന്നു പട്ടയങ്ങള്‍ പരിശോധിക്കാന്‍ റവന്യുവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.

അതേസമയം, മൂന്നാറിലെ സിപിഎം ഓഫിസ് ഒഴിപ്പിക്കാനുള്ള നീക്കമാണ് പുതിയ ഉത്തരവെന്ന് പട്ടയം അനുവദിച്ച എം ഐ രവീന്ദ്രന്‍ പ്രതികരിച്ചു. മുഖ്യമന്ത്രി സ്ഥലത്തില്ലാത്ത ഘട്ടത്തില്‍ ഇങ്ങനെയൊരു ഉത്തരവിറക്കിയത് സംശയത്തിന് ഇടയാക്കുന്നതാണെന്നും അ്‌ദ്ദേഹം പറഞ്ഞു.

അതിനിടെ, ഉത്തരവിനെതിരേ സിപിഎം നേതാവ് എംഎം മണി ഉള്‍പ്പെടെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്്. പാര്‍ട്ടി ഓഫിസ് ഒഴിപ്പിക്കാന്‍ ഒരാളെയും അനുവദിക്കില്ല. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. പട്ടയമേള നടത്തി നിയമപരമായി വിതരണം ചെയ്ത പട്ടയമാണിത്. അവ എന്തിനാണ് റദ്ദാക്കുന്നതെന്ന് റവന്യൂ വകുപ്പിനോട് ചോദിക്കണം. രവീന്ദ്രന്‍ പട്ടയഭൂമിയിലുള്ള സിപിഎം പാര്‍ട്ടി ഓഫിസിനെ ആരും തൊടില്ല. 'രവീന്ദ്രന്‍ പട്ടയം റദ്ദാക്കുമ്പോള്‍ അതിന്റെ നിയമവശം കൂടി പരിശോധിക്കേണ്ടതുണ്ട്. പാര്‍ട്ടി ഓഫിസ് വര്‍ഷങ്ങളായി അവിടെയുള്ളതാണ്. പുതിയ ഓഫിസ് പണിതത് മാത്രമാണ് വ്യത്യാസം. പാര്‍ട്ടി ഓഫിസില്‍ വന്ന് എന്തെങ്കിലും ചെയ്യാന്‍ ആരേയും അനുവദിക്കുന്ന പ്രശ്‌നമില്ലെന്നും എംഎം മണി പറഞ്ഞു.

വിവാദമായ പശ്ചാത്തലത്തില്‍, കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കരുതെന്നും പരാതിയുള്ളവര്‍ക്ക് വീണ്ടും അപേക്ഷ നല്‍കാമെന്നും മന്ത്രി കെ രാജന്‍ വ്യക്തമാക്കി.

എന്നാല്‍, മുതിര്‍ന്ന സിപിഐ നേതാവും 1999ലെ റവന്യു മന്ത്രിയുമായിരുന്ന കെഇ ഇസ്മാഈലും പുതിയ ഉത്തരവിനെതിരേ രംഗത്ത് വന്നു.

Tags:    

Similar News