പെരുന്നാള്‍: നിയന്ത്രണവും ജാഗ്രതയും പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം

Update: 2020-07-30 08:06 GMT

ഇടുക്കി: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, ഈദുള്‍ അസ്ഹ ആചരിക്കുമ്പോള്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. പ്രധാന നിര്‍ദേശങ്ങള്‍ താഴെ പറയുന്നു.

1. പള്ളികളില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കാന്‍ പരമാവധി ശ്രമിക്കുക. മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയ പരമാവധി എണ്ണമായി പരിമിതപ്പെടുത്തുക.

2. കണ്ടെയിന്‍മെന്റ് സോണുകളില്‍ കൂട്ടം കൂടി പ്രാര്‍ത്ഥനയും ഖുര്‍ബാനിയും പാടില്ല.

3. ഖുര്‍ബാനി അല്ലെങ്കില്‍ ഉലുഹിയാത്ത് ആചരിക്കുമ്പോള്‍ ശരിയായ ശുചിത്വവും സാമൂഹിക അകലവും പാലിക്കണം.

4: ബലികര്‍മം വീടുകളില്‍ മാത്രം നടത്തണം

5 ബലികര്‍മം നടത്തുമ്പോള്‍, കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് , പരമാവധി 5 പേര്‍ മാത്രമേ പങ്കെടുക്കാവൂ.

6. ബലികര്‍മത്തിനു ശേഷം ഇറച്ചി വിതരണം കണ്ടെയിന്‍മെന്റ് മേഖലകള്‍ ഒഴികെയുള്ള ഇടങ്ങളില്‍ മാത്രമെ പാടുള്ളു. വീടുകളില്‍ വിതരണം ചെയ്യുമ്പോള്‍ കൊടുക്കുന്ന വ്യക്തി സന്ദര്‍ശിച്ച വീടുകളുടെ ഒരു രജിസ്റ്റര്‍ സൂക്ഷിക്കുക. ആവശ്യമായ എല്ലാ മുന്‍കരുതലുകളും പാലിക്കാന്‍ ശ്രദ്ധിക്കണം.

7. കഴിഞ്ഞ 14 ദിവസങ്ങളില്‍ കൊവിഡിന്റെയോ പനിയുടെയോ ലക്ഷണങ്ങളുള്ള ആരും സമൂഹ പ്രാര്‍ത്ഥനയിലും ചടങ്ങിലും പങ്കെടുക്കാന്‍ പാടില്ല.

8 നിരീക്ഷണത്തിലുള്ള ആളുകള്‍ സ്വന്തം വീടുകളിലാണെങ്കില്‍പ്പോലും കൂട്ടം കൂടി പ്രാര്‍ത്ഥനയിലോ ബലികര്‍മങ്ങളിലോ പങ്കെടുക്കരുത്.