ഓണ്‍ലൈന്‍ പഠനത്തിന് പണം ശേഖരിക്കാന്‍ ഡിജിറ്റല്‍ ഡിവൈസ് ചലഞ്ചുമായി ഇടുക്കി ജില്ലാ ഭരണകൂടം
ഇടുക്കി: ഇടുക്കി ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനം വിജയകരമാക്കുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ ഡിവൈസ് ചലഞ്ചുമായി ജില്ലാ ഭരണകൂടം. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം ഓണ്‍ലൈന്‍ പഠനത്തിന്റെ സാധ്യതകള്‍ വിശകലനം ചെയ്യുന്നതിന്റെ ഭാഗമായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു.
ഓണ്‍ലൈന്‍ പഠനത്തിനായുള്ള അടിസ്ഥാന സൗകര്യം ഒരുക്കി കൊടുക്കേണ്ടത് സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും കടമയാണെന്ന് മന്ത്രി പറഞ്ഞു. കുട്ടികള്‍ക്ക് മത്സര ബുദ്ധിയോടെ പഠിക്കാനുള്ള സാഹചര്യമുണ്ടാക്കി കൊടുക്കുമ്പോള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ ശാക്തീകരണം സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് ഫോണ്‍ ലഭ്യമാക്കുന്നതില്‍ അദ്ധ്യാപകര്‍ കാണിക്കുന്ന മനോഭാവം അഭിനന്ദനാര്‍ഹമാണ്. ഒപ്പം പഞ്ചായത്ത് തലത്തില്‍ ജനപ്രതിനിധികള്‍ നടത്തിയ ഇടപെടലും അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് യോഗത്തിന് അധ്യക്ഷത വഹിച്ചു.
ഒരു വീട് ഒരു യൂണിറ്റ് എന്ന രീതിയില്‍ കണക്കാക്കി ജില്ലയില്‍ 5,973 വീടുകളാണുള്ളത്. ഇതില്‍ 3,891 വീടുകളിലും ഓണ്‍ലൈന്‍ പഠനത്തിന് വേണ്ട സൗകര്യങ്ങളുണ്ട്. സര്‍ക്കാരിന്റെ പുതിയ നിര്‍ദേശ പ്രകാരം ഒരു കുട്ടിയെ ഒരു യൂണിറ്റായി കണക്കാക്കണമെന്നാണ്. ആ വിധത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ കണക്കനുസരിച്ചു ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത 13,517 കുട്ടികളുണ്ട്. ഇതില്‍ 10,12 ക്ലാസുകളില്‍ പഠിക്കുന്ന എസ്.ടി കുട്ടികള്‍ മാത്രം 462 പേരുണ്ട്. ട്രൈബല്‍ വകുപ്പിന്റെ കണക്കനുസരിച്ച് ലാപ്‌ടോപ്പോ ടാബോ ഇല്ലാത്ത ഒന്നു മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസ്സുകളിലെ 6,448 കുട്ടികളുണ്ട്.
പഠന ഉപകരണം ലഭ്യമാക്കുന്ന സഹകരണ വകുപ്പിന്റെ വിദ്യാതരംഗണി പദ്ധതിയില്‍ 3,148 കുട്ടികള്‍ ലോണിന് അപേക്ഷ വെച്ചിട്ടുണ്ട്. ഇതില്‍ 2,078 പേര്‍ക്ക് ലോണ്‍ അനുവദിച്ചിട്ടുണ്ട്.
കൂടാതെ വ്യക്തിപരമായും സംഘടനപരമായും വിദ്യാര്‍ത്ഥികള്‍ക്ക് ഫോണുകള്‍ നല്‍കുന്നുണ്ട്. ഇത് സംബന്ധിച്ച് പ്രാധാന അദ്ധ്യാപകര്‍ ഓരോ ആഴ്ചയും എത്ര കുട്ടികള്‍ക്ക് കൂടെ പഠന സൗകര്യം ആവശ്യമാണെന്നുള്ള കണക്ക് ഡിഡിയ്ക്ക് സമര്‍പ്പിക്കണം. ഡിഡി എല്ലാ ബുധനാഴ്ചയും ഇത് സംബന്ധിച്ച് റിപോര്‍ട്ട് മന്ത്രിയ്ക്കും കളക്ടറിനും സമര്‍പ്പിക്കണം. എല്ലാ ശനിയാഴ്ചയും ഇത് അവലോകനം ചെയ്ത് ഓണ്‍ലൈനായി യോഗം ചേരുകയും എംപിയ്ക്കും ജില്ലയിലെ എംഎല്‍എ മാര്‍ക്കും ലിസ്റ്റുകള്‍ നല്‍കും.

