ഇടുക്കി: വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുകയും ജലനിരപ്പ് ഉയരുകയും ചെയ്തതോടെ ഇടുക്കി ചെറുതോണി ഡാം ഇന്ന് തുറക്കും. രാവിലെ പത്തു മണിയോടെ ഒരു ഷട്ടര്‍ 70 സെന്റീമീറ്റര്‍ ഉയര്‍ത്തി അധികജലം പുറത്തുവിടും. മുന്‍കരുതലെന്ന നിലയിലാണ് നടപടി. ഇന്നലെ മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
വെള്ളം പൂര്‍ണ സംഭരണ ശേഷിയുടെ തൊട്ടടുത്തെത്തിയതോടെ ഇന്നലെ ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മുല്ലപ്പെരിയാറിലെ വെള്ളം കൂടി എത്തിയതോടെയാണ് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നത്.
വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയായതിനാല്‍ കഴിഞ്ഞ പത്ത് ദിവസമായി ഡാമിലെ വെള്ളം ക്രമാതീതമായി ഉയരുന്നുണ്ട്. ഒപ്പം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നുള്ള അധിക ജലവും എത്തുന്നു. ഇതോടെയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് എക്‌സിക്യൂട്ടീവ് എന്‍ജീനിയര്‍ ഉത്തരവിറക്കിയിരുന്നത്.
ഡാം തുറക്കുന്നതോടെ പെരിയാറില്‍ വെള്ളംപൊങ്ങാന്‍ സാധ്യതയുണ്ട്. തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
