ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കില്‍ 590 കോടി രൂപയുടെ ക്രമക്കേട്; നാലു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു
ന്യൂഡല്‍ഹി: രാജ്യത്തെ സ്വകാര്യ ബാങ്കിംഗ് മേഖലയെ വീണ്ടും ആശങ്കയില്‍ ആക്കി 590 കോടി രൂപയുടെ വന്‍ സാമ്പത്തിക തട്ടിപ്പ്. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ ചണ്ഡീഗഢ് ശാഖയിലാണ് തട്ടിപ്പ് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട വിവരം ബാങ്ക് ഞായറാഴ്ച ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഹരിയാന സര്‍ക്കാരുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിലാണ് ക്രമക്കേട് നടന്നതെന്ന് ബാങ്ക് റഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. വിഷയം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ അറിയിച്ചതായും ബന്ധപ്പെട്ട പോലിസില്‍ പരാതി നല്‍കിയതായും ബാങ്ക് വ്യക്തമാക്കി.
ബാങ്കിന്റെ പ്രാഥമിക വിലയിരുത്തലനുസരിച്ച് ഏകദേശം 590 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ സമഗ്രമായ പരിശോധനകള്‍ക്ക് ശേഷമേ യഥാര്‍ഥ നഷ്ടത്തിന്റെ കൃത്യമായ തോത് വ്യക്തമാകൂവെന്ന് അധികൃതര്‍ പറഞ്ഞു. ചില ജീവനക്കാരുടെ ഒത്താശയോടെയായിരുന്നു തട്ടിപ്പ് നടന്നതെന്നാണ് സൂചന.
ഹരിയാന സര്‍ക്കാരിന് ബാങ്കില്‍ നിരവധി അക്കൗണ്ടുകളുണ്ടായിരുന്നു. അക്കൗണ്ടുകള്‍ ക്ലോസ് ചെയ്ത് തുക മറ്റൊരു ബാങ്കിലേക്ക് മാറ്റുന്നതിനിടെയാണ് പണം നഷ്ടമായ വിവരം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നാലു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായി ബാങ്ക് അറിയിച്ചു. ഇവര്‍ക്കെതിരേ ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണ്. ആവശ്യമായ സാഹചര്യത്തില്‍ ക്രിമിനല്‍, സിവില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ബാങ്ക് വ്യക്തമാക്കി. സംഭവം പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയില്‍ ബാങ്കിന് തിരിച്ചടി നേരിട്ടു. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ ഓഹരികള്‍ക്ക് ഏകദേശം 20 ശതമാനം ഇടിവ് രേഖപ്പെടുത്തി.
