കോവാക്സിന്‍റെ പാർശ്വഫലങ്ങളെ കുറിച്ചുള്ള പഠനം തള്ളി ഐസിഎംആർ

Update: 2024-05-20 09:36 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മിത കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ പ്രസിദ്ധീകരിച്ച പഠനം തള്ളി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഐംആര്‍). തങ്ങള്‍ ഒരു തരത്തിലും പഠനവുമായി സഹകരിച്ചിട്ടില്ലെന്നും പഠനം സംബന്ധിച്ച് അവ്യക്തതകള്‍ ഏറെ ഉണ്ടെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ രാജീവ് ബാല്‍ വ്യക്തമാക്കി. ഐസിഎംആറിനെ പഠനത്തില്‍ ഉദ്ധരിച്ചത് നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് ഗവേഷകര്‍ക്കും, പഠനഫലം പ്രസിദ്ധീകരിച്ച ജേണല്‍ എഡിറ്റര്‍ക്കും ഐസിഎംആര്‍ കത്തയച്ചു.


ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക് നിര്‍മിച്ച കോവാക്‌സിന്‍ സ്വീകരിച്ച മൂന്നിലൊന്ന് ആളുകള്‍ക്കും ഒരു വര്‍ഷത്തിനുള്ളില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടായി എന്നായിരുന്നു പഠനത്തിലെ കണ്ടെത്തല്‍. കോവാക്‌സിന്‍ സ്വീകരിച്ച 926 പേരിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഇതില്‍, 635 കൗമാരക്കാരും 291 മുതിര്‍ന്നവരും ഉള്‍പ്പെട്ടിരുന്നു. 30 ശതമാനത്തിലേറെ പേര്‍ക്കും വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷമുള്ള ഒരു വര്‍ഷത്തിനിടെ ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. പ്രധാനമായും ശ്വസനനാളിയുടെ മുകള്‍ഭാഗത്ത് ഇന്‍ഫെക്ഷനുണ്ടാവുകയാണ് ചെയ്തത്. 304 കൗമാരക്കാര്‍ക്കും 124 മുതിര്‍ന്നവര്‍ക്കും ഈ അസുഖം അനുഭവപ്പെട്ടു.

വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഒരു ശതമാനം പേര്‍ക്കാണ് ഗുരുതരമായ പാര്‍ശ്വഫലം കണ്ടെത്തിയത്. പക്ഷാഘാതം, ഗില്ലന്‍ബാരി സിന്‍ഡ്രോം എന്നിവയാണ് ഒരു വര്‍ഷത്തിനിടെ ഇവര്‍ക്കുണ്ടായത്. ശ്വാസകോശ രോഗങ്ങള്‍, ത്വക് രോഗങ്ങള്‍, നാഡീസംബന്ധ അസുഖങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് കൗമാരക്കാരിലുണ്ടായത്. നാഡീസംബന്ധ രോഗങ്ങള്‍, ആര്‍ത്തവ പ്രശ്‌നങ്ങള്‍, നേത്രരോഗങ്ങള്‍ തുടങ്ങിയവ ഒരു വര്‍ഷത്തിനുള്ളില്‍ മുതിര്‍ന്നവരിലുമുണ്ടായതായി പഠനത്തില്‍ കണ്ടെത്തി. 4.6 ശതമാനം സ്ത്രീകള്‍ക്കും ആര്‍ത്തവപ്രശ്‌നങ്ങള്‍ നേരിട്ടുവെന്നും പഠനത്തില്‍ പറഞ്ഞിരുന്നു. അന്താരാഷ്ട്ര മെഡിക്കല്‍ ജേണലായ സ്പ്രിംഗര്‍ നേച്ചറിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.

ഈ പഠനത്തില്‍ ഐസിഎംആറിനെ ഉദ്ധരിച്ചത് പാടേ തള്ളിക്കൊണ്ടാണ് ഡയറക്ടര്‍ ജനറല്‍ രംഗത്തെത്തിയത്. തട്ടിക്കൂട്ട് പഠനമാണിതെന്നാണ് ആരോപണം. 926 ആളുകളുടെ വിവരങ്ങളാണ് ശേഖരിച്ചത്. ആളുകളെ തിരഞ്ഞെടുത്തതില്‍ ഉള്‍പ്പെടെ പക്ഷപാതിത്വം ഉണ്ടാവാനുള്ള സാധ്യതയും രാജീവ് ബാല്‍ ചൂണ്ടിക്കാട്ടുന്നു.

Tags: