ചരിത്ര ഗവേഷണ കൗണ്‍സിലിന്റേത് ബിജെപി താല്‍പര്യം; രക്തസാക്ഷിപ്പട്ടികയില്‍ നിന്നും ഒഴിവാക്കുന്നത് വഞ്ചനാപരമെന്നും കെ സുധാകരന്‍

സാമ്രാജ്യത്വ വിരുദ്ധ ശക്തികള്‍ക്കെതിരെ ഉജ്വല പോരാട്ടം നയിച്ച ജ്വലിക്കുന്ന ഏടാണ് മലബാര്‍ വിപ്ലവം. ഇത്തരം ഒരു സ്വാതന്ത്ര്യസമര പോരാട്ടത്തെ വര്‍ഗീയവത്കരിച്ചു കാണാന്‍ സംഘപരിവാര ശക്തികള്‍ക്കേ കഴിയൂ.

Update: 2021-08-24 11:00 GMT

തിരുവനന്തപുരം: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസലിയാര്‍ എന്നിവരടക്കം മലബാര്‍ വിപ്ലവത്തില്‍ പങ്കെടുത്ത 387 പേരെ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയില്‍ നിന്നും ഒഴിവാക്കാനുള്ള ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ തീരുമാനം നീചവും നികൃഷ്ടവും വഞ്ചനാപരവുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സാമ്രാജ്യത്വ വിരുദ്ധ ശക്തികള്‍ക്കെതിരെ ഉജ്വല പോരാട്ടം നയിച്ച ജ്വലിക്കുന്ന ഏടാണ് മലബാര്‍ വിപ്ലവം. ഇത്തരം ഒരു സ്വാതന്ത്ര്യസമര പോരാട്ടത്തെ വര്‍ഗീയവത്കരിച്ചു കാണാന്‍ സംഘപരിവാര്‍ ശക്തികള്‍ക്കേ കഴിയൂ. ധീരനും സാമ്രാജ്യത്വ വിരുദ്ധ പോരാളിയുമായ കുഞ്ഞഹമ്മദ് ഹാജിയെ ഹിന്ദുവിരുദ്ധനായ വര്‍ഗ്ഗീയവാദിയായും മഹത്തരമായ വിപ്ലവമുന്നേറ്റത്തെ വര്‍ഗീയ കലാപമായും ചിത്രീകരിക്കാനുള്ള നീക്കത്തതിന്റെ ഭാഗമാണിതിന് പിന്നില്‍. ബിജെപിയുടെ രാഷ്ട്രീയ താല്‍പ്പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ചരിത്ര ഗവേഷണ കൗണ്‍സില്‍ ഇത്തരം ഒരു വിചിത്ര നിര്‍ദ്ദേശം മുന്നോട്ടുവെച്ചതെന്നും സുധാകരന്‍ പറഞ്ഞു.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വര്‍ഗീയവാദി ആയിരുന്നില്ലെന്ന് ചരിത്ര ഗവേഷകര്‍ സാക്ഷിപ്പെടുത്തുന്നുണ്ട്. ഒറ്റുകാരെയും ബ്രിട്ടീഷുകാരെയും സമരക്കാര്‍ വകവരുത്തിയിട്ടുണ്ട്. അന്ന് ബ്രിട്ടീഷുകാരുടെ ഒറ്റുകാരായ സംഘപരിവാര്‍ ശക്തികള്‍ക്ക് അതുകൊണ്ടാണ് അദ്ദേഹത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്. കുഞ്ഞഹമ്മദ് ഹാജിയുടെ പേരിലുള്ള വിവാദം മതസ്പര്‍ധയും ചേരിതിരിവും ലക്ഷ്യവെച്ചുള്ളതാണ്. വിദ്വേഷപ്രചാരണങ്ങളിലൂടെ മതവിഭാഗങ്ങള്‍ക്കിടയില്‍ അകല്‍ച്ചക്കൂട്ടി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുള്ള ഹീനതന്ത്രമാണ് സംഘപരിവാര്‍ നടത്തുന്നത്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന സാമ്രാജ്യത്വ തന്ത്രമാണ് വീണ്ടും ബിജെപി പയറ്റുന്നത്. കാലാകാലങ്ങളിലായി സംഘപരിവാര്‍ ശക്തികള്‍ ഇന്ത്യയില്‍ നടത്തിവരുന്ന വര്‍ഗീയ അജണ്ടയുടെ ഭാഗമാണ് മലബാര്‍ സമരത്തെ ഇകഴ്ത്തിക്കെട്ടാനുള്ള ശ്രമം.

1921 ലെ മലബാര്‍ സമരം ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായാണ് ആരംഭിച്ചത്. മഹാത്മ ഗാന്ധിയുടെ ആഹ്വാന പ്രകാരം ആരംഭിച്ച ഖിലാഫത്ത് പ്രസ്ഥാനം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു. 1920 ല്‍ കോഴിക്കോട് കടപ്പുറത്ത് മഹാത്മാ ഗാന്ധി നടത്തിയ പ്രസംഗത്തിലെ ആഹ്വാനമായിരുന്നു ഖിലാഫത്ത് സജീവമാക്കണമെന്നത്. ഖിലാഫത്തും നിസ്സഹകരണ പ്രസ്ഥാനവും യോജിച്ച് ബ്രിട്ടനെതിരെ അണിനിരക്കണമെന്നാണ് ഗാന്ധിജി നിര്‍ദ്ദേശം നല്‍കിയത്. ജാതി മത ചിന്തകള്‍ക്ക് അതീതമായി ജനം അണിനിരന്ന സമരമായിരുന്നു മലബാര്‍ വിപ്ലവം.

നെഹ്രുവിനെയും ഗാന്ധിജിയെയും ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളെയും അവരുടെ രാഷ്ട്രീയ സങ്കല്‍പ്പങ്ങളെയും അസഹിഷ്ണുതയോടെ നോക്കിക്കാണുകയും അസത്യപ്രചരണങ്ങളിലൂടെ അപമാനിക്കുകയും ചെയ്യുന്ന സംഘപരിവാര്‍ ശക്തികളില്‍ നിന്നും മലബാര്‍ സമരത്തെ തമസ്‌ക്കരിക്കാനുള്ള നീക്കത്തില്‍ അത്ഭുതപ്പെടാനില്ല. മുസ്‌ലിം വിഭാഗങ്ങള്‍ക്ക് ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലുള്ള നിര്‍ണ്ണായക സ്വാധീനം സംഘപരിവാറിനെ അസ്വസ്ഥമാക്കുന്നത് കൊണ്ടാണെന്ന് ഇങ്ങനെ ഒരു നീക്കമെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റംപറയാനാകില്ല. ബ്രിട്ടീഷ് ഇന്ത്യ കണ്ട ഏറ്റവും ത്യാഗപൂര്‍ണ്ണായ പ്രക്ഷോഭത്തെയും ജീവത്യാഗം ചെയ്ത രക്തസാക്ഷികളെയും തള്ളിപ്പറയുന്നത് ചരിത്രപരമായ വിഡ്ഢിത്തമാണെന്നും സുധാകരന്‍ പറഞ്ഞു.

Tags: