ലിബിയയിലെ കൂട്ടക്കൊല: വലിയ 11 കുഴിമാടങ്ങള്‍ കണ്ടെത്തിയതായി ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി പ്രോസിക്യൂട്ടര്‍

Update: 2020-06-24 14:45 GMT

ഹേഗ്: ലിബിയയില്‍ സ്ത്രീകളെയും കുട്ടികളെയും പുരുഷന്മാരെയും കൂട്ടക്കൊല ചെയ്തതിന് വിശ്വസനീയമായ തെളിവ് ലഭിച്ചതായി ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി ചീഫ് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. ഇപ്പോള്‍ ലഭിച്ച തെളിവുകള്‍ യുദ്ധകാല കുറ്റങ്ങളുടെയും മനുഷ്യവംശത്തോടുള്ള കുറ്റകൃത്യത്തിന്റെയും തെളിവുകളാണെന്ന് പ്രോസിക്യൂട്ടര്‍ ഫതോവ് ബെന്‍സൗദ പറഞ്ഞു. ലിബിയയിലെ തര്‍ഹൂന നഗരത്തില്‍ നിന്ന് 11ഓളം വലിയ കുഴിമാടങ്ങളാണ് ലിബിയന്‍ ഭരണകൂടം കണ്ടെത്തിയത്.

ലിബിയയിലെ വിമതനേതാവായ ഖാലിഫ ഹഫ്താര്‍ കൈവശം വച്ചിരുന്ന തര്‍ഹുന നഗരത്തില്‍ നിന്നാണ് ഇപ്പോള്‍ കുഴിമാടങ്ങള്‍ കണ്ടെത്തിയതെന്നും അന്താരാഷ്ട്ര കോടതി ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നും പ്രോസിക്യൂട്ടര്‍ ലിബിയയിലെ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. തുടര്‍ അന്വേഷണങ്ങള്‍ കൃത്യമായി നടത്താന്‍ ശവക്കുഴികള്‍ സംരക്ഷിക്കണമെന്നും അക്കാര്യം താന്‍ ലിബിയന്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്തതായും അവര്‍ പറഞ്ഞു.

നഗരത്തിലെ ശവകുടീരങ്ങളില്‍ നിന്ന് കണ്ടെത്തിയ തെളിവുകളെ കുറിച്ച് വിശദമായി അന്വേഷണം നടത്താനും തുടര്‍ നടപടി സ്വീകരിക്കാനും ആവശ്യമായ സഹായം ചെയ്യുമെന്ന യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുറ്റേഴ്‌സിന്റെ പ്രഖ്യാപനത്തോട് പ്രോസിക്യൂട്ടര്‍ നന്ദി പറഞ്ഞു. ലബിയയില്‍ തുടരുന്ന വ്യോമാക്രമണങ്ങളിലും സൈനിക നീക്കങ്ങളിലും പൗരന്മാര്‍ കൊല്ലപ്പെടുന്നതില്‍ നടുക്കവും പ്രകടിപ്പിച്ചു.

ലിബിയയിലെ എല്ലാ സായുധ ഗ്രൂപ്പുകളും അന്താരാഷ്ട്ര മനുഷ്യാവകാശനിയമങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കണം. ലിബിയയിലെ സാധാരണക്കാരുടെ വാസസ്ഥലങ്ങളും സ്‌കൂളുകളും ആരോഗ്യകേന്ദ്രങ്ങളും തതടവറകളും സംരക്ഷിക്കപ്പെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

2016ല്‍ ലബിയയില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഒരു അന്വേഷണ സംഘത്തെ ലിബിയയിലേക്കയക്കാനുള്ള പ്രമേയം തിങ്കളാഴ്ച പാസ്സാക്കിയിട്ടുണ്ട്. വിമതനേതാവായ ഹഫ്ത്തറിന്റെ സൈന്യം അന്താരാഷ്ട്ര സമ്മതിയോടുകൂടി അധികാരത്തിലെത്തിയ ലിബിയന്‍ സര്‍ക്കാരിനെതിരേ ഏപ്രില്‍ 2019 മുതല്‍ നടത്തിയ ആക്രമണങ്ങളില്‍ ചുരുങ്ങിയത് ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇപ്പോള്‍ കണ്ടെത്തിയ കൂട്ട കുഴിമാടങ്ങള്‍ ഇവരുടേതാണോ എന്നാണ് സംശയം.

കഴിഞ്ഞ മാര്‍ച്ചില്‍ ലിബിയന്‍ സര്‍ക്കാര്‍ ഓപറഷന്‍ പീസ് സ്റ്റോം എന്ന പേരില്‍  കടന്നാക്രമണങ്ങള്‍ നടത്തിയിരുന്നു.  

Tags: