സൂക്ഷ്മമൂലകങ്ങള്‍ നിര്‍മ്മിക്കാനും വിള വ്യാപനത്തിനും ധാരണപത്രം ഒപ്പുവച്ച് ഭാരതീയ സുഗന്ധവിളഗവേഷണ കേന്ദ്രം
കര്‍ണാടക ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പിന്റെ കീഴിലുള്ള സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ പ്രിസിഷന്‍ ഫാര്‍മിങ്, തെലങ്കാനയിലെ ഒരു കര്‍ഷകന്‍ എന്നിവരുമായാണ് ധാരണാപത്രം ഒപ്പുവച്ചത്.
കോഴിക്കോട്: സാങ്കേതിക വിദ്യകളുടെയും സുഗന്ധവിള ഇനങ്ങളുടെയും വ്യാപനത്തിനായി ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം ധാരണ പത്രം ഒപ്പുവച്ചു. കര്‍ണാടക ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പിന്റെ കീഴിലുള്ള സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ പ്രിസിഷന്‍ ഫാര്‍മിങ്, തെലങ്കാനയിലെ ഒരു കര്‍ഷകന്‍ എന്നിവരുമായാണ് ധാരണാപത്രം ഒപ്പുവച്ചത്.
ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രവും സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ പ്രിസിഷന്‍ ഫാര്‍മിങും മൂന്നു ധാരണാപത്രങ്ങളിലാണ് ഒപ്പുവച്ചത്. കുരുമുളക്, മഞ്ഞള്‍, ഇഞ്ചി എന്നീ സുഗന്ധവിളകളുടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്ന സൂക്ഷ്മമൂലകങ്ങള്‍ ഇനിമുതല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ പ്രിസിഷന്‍ ഫാര്‍മിങിന് ഉല്പാദിപ്പിക്കാനാവും. ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ച ഈ സാങ്കേതിക വിദ്യ കര്‍ണാടകയിലെ കര്‍ഷകര്‍ക്ക് ഉപകാരപ്രദമാകുംവിധം പകര്‍ന്നുനല്കുകയാണ് ഈ ധാരണപത്രം ലക്ഷ്യം വയ്ക്കുന്നത്.
സൂക്ഷ്മമൂലകങ്ങള്‍ മണ്ണിന്റെ ഫലഭൂയിഷ്ടത വര്‍ധിപ്പിക്കുന്നതിനും അതുവഴി ഉത്പാദനക്ഷമത കൂട്ടുന്നതിനും സഹായിക്കുന്നു എന്ന് സുഗന്ധവിള ഗവേഷണ കേന്ദ്രം ഡയറക്ടര്‍ സന്തോഷ് ജെ ഈപ്പന്‍ പറഞ്ഞു. ധാരണാപത്രം ഒപ്പുവയ്ക്കുന്നത് സാങ്കേതികവിദ്യയുടെയുടെ ഗുണങ്ങള്‍ കൂടുതല്‍പേരിലേക്കെത്താനും ഏറ്റവും മികച്ച ഉത്പന്നം തന്നെ ആവശ്യക്കാര്‍ക്ക് ലഭ്യമാകാനും സഹായകമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലൈസന്‍സ് നേടിയെടുക്കുന്നതോടെ മൈക്രോ ന്യൂട്രിയന്റ് (സൂക്ഷ്മമൂലകങ്ങള്‍) ഉത്പാദിപ്പിക്കാനും വിപണനം ചെയ്യാനുമുള്ള അധികാരം സ്ഥാപനത്തിന് ലഭിക്കുന്നു. ഓരോ വിളകള്‍ക്കും അനുസൃതമായ സൂക്ഷ്മമൂലകങ്ങള്‍ നിര്‍മിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചത് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരാണ്.
ഈ നീക്കം കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളിലുള്ള ഇഞ്ചി, മഞ്ഞള്‍, കുരുമുളക് കര്‍ഷകര്‍ക്ക് വലിയതോതില്‍ ഗുണപ്രദമാകുമെന്നു കരുതുന്നു. ചെടികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും വിളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന സൂക്ഷ്മമൂലകങ്ങള്‍ കൃഷിയെമികച്ചരീതിയില്‍ സഹായിക്കും. ഇന്ത്യയില്‍ ഉടനീളമായി 22 സംരംഭകരാണ് കൃഷി സാങ്കേതികവിദ്യയായ സൂക്ഷ്മമൂലകനിര്‍മ്മാണത്തിനും വാണിജ്യവത്കരണത്തിനുമായി ഇതുവരെ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രവുമായി കൈകോര്‍ത്തിട്ടുള്ളത്.
തെലങ്കാനയിലെ കര്‍ഷകനും സംരംഭകനുമായ മുഹമ്മദ് ഉമര്‍ അക്തറാണ് ഐഐഎസ് ആര്‍ പ്രഗതി വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ചു വിപണനം ചെയ്യാനുള്ള അനുമതി പുതുതായി നേടിയിരിക്കുന്നത്. രാജ്യത്തുടനീളം വളരെയധികം ആവശ്യക്കാരുള്ള ഒരു മഞ്ഞള്‍ ഇനമാണ് ഐഐഎസ് ആര്‍. പ്രഗതി കൂടാതെ ഇത്തരത്തില്‍ ലൈസന്‍സികള് ഉല്പാദിപ്പിക്കുന്ന വിത്തിന്റെ ഗുണനിലവാരം ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ കര്‍ഷകര്‍ നേരിട്ട് ഉറപ്പുവരുത്തുന്നു. അതുകൊണ്ടുതന്നെ അതിന്റെ വിത്തുല്പാദനം വിപണനം എന്നിവ കര്‍ഷക സംരംഭകര്‍ക്ക് മികച്ച വരുമനം ഉറപ്പുവരുത്തുന്നു.
ഉല്പാദനക്ഷമതകൂടിയ സുഗന്ധവിള ഇനങ്ങളുടെ നടീല്‍ വസ്തുക്കള്‍ക്കുള്ള ആവശ്യകത നികത്തുന്നതിനും രാജ്യമെമ്പാടുമുള്ള കര്‍ഷകര്‍ക്ക് നടീല്‍ വസ്തുക്കള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനും ഇത്തരത്തിലുള്ള ധാരണാപത്രങ്ങളിലൂടെ സാധിക്കുന്നു. ഇതുവരെയായി 32 കര്‍ഷക സംരംഭകരാണ് ഇഞ്ചി മഞ്ഞള്‍ എന്നിവയുടെ നടീല്‍ വസ്തുക്കള്‍ ഉല്പാദിപ്പിക്കുന്നതിനായി ഭാരതീയ സുഗന്ധവിളഗവേഷണ കേന്ദ്രവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നത്.

