'ഇനിയങ്ങോട്ട് പാലക്കാട്ടു തന്നെ തുടരും, പറയാനുള്ളതെല്ലാം കോടതിയില്‍ പറയും': രാഹുല്‍ മാങ്കൂട്ടത്തില്‍
പാലക്കാട്: 15 ദിവസത്തെ ഒളിവു ജീവിതത്തിന് ശേഷം പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പുറത്തെത്തി. പാലക്കാട് കുന്നത്തൂര്‍മേട് സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെത്തിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ടു രേഖപ്പെടുത്തിയത്. ഇനിയങ്ങോട്ട് പാലക്കാട്ടു തന്നെ തുടരും, അതില്‍ തര്‍ക്കമില്ല, പറയാനുള്ളതെല്ലാം കോടതിയില്‍ പറയുമെന്നും പ്രതികരിച്ചു. ലൈംഗികാതിക്രമ കേസുകളില്‍ ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് രാഹുല്‍ വോട്ടു ചെയ്യാനെത്തിയത്. വോട്ട് രേഖപ്പെടുത്തിയതിനു ശേഷം എംഎല്‍എ ഓഫീസിലേക്കാണ് രാഹുലെത്തിയത്. വിശദമായ പ്രതികരണത്തിന് തയ്യാറായില്ല. എംഎല്‍എ എത്തിയതോടെ വോട്ടിങ് ബൂത്തിനു മുന്നില്‍ സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
'എല്ലാം കോടതിക്ക് മുന്നിലുണ്ട്, കോടതി തീരുമാനിക്കും' എന്നായിരുന്നു വോട്ട് ചെയ്തിറങ്ങിയ രാഹുലിന്റെ പ്രതികരണം. എംഎല്‍എയുടെ ഔദ്യോഗിക വാഹനത്തിലാണ് എത്തിയത്. ഈ കാറിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ കോഴിയുടെ സ്റ്റിക്കര്‍ പതിപ്പിച്ചു. പലരും കൂക്കി വിളിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും രാഹുലിനൊപ്പം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒപ്പമെത്തിയിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസില്‍ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു. പരാതിക്കു പിന്നില്‍ സമ്മര്‍ദമുണ്ടെന്ന വാദം തള്ളാനാവില്ലെന്നും രാഹുലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി പരാമര്‍ശിച്ചു. ഉപാധികളോടെയാണ് രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകണണെന്നും നിര്‍ദേശമുണ്ടായിരുന്നു. ബലാത്സംഗ പരാതിയില്‍ സംശയമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
