പി ശ്രീരാമകൃഷ്ണനെ വര്‍ക്ക് ഷോപ്പ് ഉദ്ഘാടനത്തിന് നേരിട്ട് ക്ഷണിച്ചു: സന്ദീപ് നായര്‍

Update: 2021-10-10 14:04 GMT

തിരുവനന്തപുരം: സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണനെ വര്‍ക്ക് ഷോപ്പ് ഉദ്ഘാടനത്തിലേക്ക് താന്‍ നേരിട്ട് ക്ഷണിക്കുകയായിരുന്നുവെന്ന് സന്ദീപ് നായര്‍. വ്യക്തി ബന്ധം വച്ചാണ് ക്ഷണിച്ചത്. മറ്റ് ബന്ധമൊന്നും അന്നത്തെ സ്പീക്കറുമായി ഇല്ല. സ്വപ്നയും ശ്രീരാമകൃഷ്ണനുമായി ബന്ധമില്ല. സ്വപ്നക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്നും സ്വര്‍ണക്കടത്ത് കേസ് പ്രതി മാധ്യമങ്ങളോട് പറഞ്ഞു.

സ്വര്‍ണ്ണം കടത്തിയിട്ടുണ്ടോ ഇല്ലയോ എന്ന് പറയുന്നില്ല. നിരപരാധിയാണോ അപരാധിയാണോയെന്ന് വരും ദിവസങ്ങളില്‍ അറിയാം. തന്റെ വീട്ടില്‍ നിന്നും എടുത്ത സാധനങ്ങള്‍ സ്വര്‍ണ്ണം കടത്തിയതിന് ഉപയോഗിച്ചതാണോയെന്ന് കോടതിയില്‍ തെളിയിക്കട്ടെ. സ്വപ്ന സുരേഷിനെ പരിചയപ്പെട്ടത് സരിത്ത് വഴിയാണ്. കോണ്‍സുലേറ്റിന്റെ ചില കോണ്‍ട്രാക്ട് ജോലികളും ചെയ്തിരുന്നു. 2003ല്‍ സ്വണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് റമീസിനെ പരിചയപ്പെട്ടത്.

സ്വപ്നയെ സഹായിക്കാനാണ് ബെംഗളൂരിവിലേക്ക് പോയതെന്നാണ് സന്ദീപിന്റെ അവകാശവാദം. മഹാരാഷ്ട്രയിലേക്ക് പോകാന്‍ ഒരു ട്രാന്‍സിറ്റ് പാസ് എടുത്തിരുന്നു. സ്വപ്നയുമൊത്താണ് ശിവശങ്കറിനെ കണ്ടെത്. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നേരിട്ടറിയില്ല. യൂണിടാക്കിനെ കോണ്‍സുല്‍ ജനറലിനെ പരിചയപ്പെടുത്തിയെന്നും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാനപ്രതി പറഞ്ഞു.

കസ്റ്റംസ് കേസിലും എന്‍ഫോഴ്‌സ്‌മെന്റ് കേസിലും മുഖ്യപ്രതിയായ സന്ദീപ് നായര്‍ എന്‍ഐഎ കേസില്‍ മാപ്പുസാക്ഷിയാണ്. യുഎഇ കോണ്‍സല്‍ ജനറലും അറ്റാഷെയും കളളക്കടത്തിന്റെ രാജ്യാന്തര സൂത്രധാരന്‍മാരെന്നാണ് സന്ദീപ് നായര്‍ തന്നെ എന്‍ഐഎ കോടതിയില്‍ പറഞ്ഞത്.

Tags: