'11 ദിവസമായി ജയിലില്‍ കിടക്കുന്നു,11 കിലോ കുറഞ്ഞു'; തന്നെ കസ്റ്റഡിയില്‍ ഇടേണ്ട ആവശ്യമില്ലെന്ന് രാഹുല്‍ ഈശ്വര്‍

Update: 2025-12-10 09:44 GMT

തിരുവനന്തപുരം: ദിലീപിന് നീതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും തങ്ങളെ പോലുള്ളവര്‍ കള്ളക്കേസുകളില്‍ കുടുക്കപ്പെടുമ്പോള്‍ മാധ്യമങ്ങള്‍ പിന്തുണ നല്‍കണമെന്നും രാഹുല്‍ ഈശ്വര്‍. അതിജീവിതയെ അപമാനിച്ച കേസില്‍ ജയിലില്‍ തുടരുന്നതിനിടെ, കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് ഇത്തരത്തിലൊരു പ്രതികരണം നടത്തിയത്.

കിഡ്നിക്ക് പ്രശ്നമുണ്ടാകുമെന്ന് ഡോക്ടര്‍ പറഞ്ഞതിനാലാണ് താന്‍ നിരാഹാരം അവസാനിപ്പിച്ചതെന്നും, നാല് ദിവസം വെള്ളമില്ലാതെയും അഞ്ച് ദിവസം ഭക്ഷണമില്ലാതെയും കിടന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. സ്റ്റേഷന്‍ ജാമ്യം ലഭിക്കേണ്ട കേസാണിത്. 11 ദിവസമായി ജയിലില്‍ കിടക്കുന്നു, തന്നെ ഇങ്ങനെ കിടത്തേണ്ട ഒരു ആവശ്യവുമില്ലെന്നും ഭാരം 11 കിലോ കുറഞ്ഞെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ഇരകളെ അവഹേളിച്ച് മുമ്പും പോസ്റ്റുകള്‍ ഇട്ടിട്ടുള്ള രാഹുലിന് ഈ കേസില്‍ ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണ് കോടതി ജാമ്യഹരജി തള്ളിയത്.അതേസമയം, രാഹുല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

Tags: