പ്രതിപക്ഷത്തിന്റെ നിലവിലെ പോക്ക് കാണുമ്പോള്‍ സഹതാപം തോന്നുന്നു: വി ശിവന്‍കുട്ടി
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ നിലവിലെ പോക്ക് കാണുമ്പോള്‍ സഹതാപം തോന്നുന്നെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ നടത്തുന്ന പ്രസ്താവനകള്‍ രാഷ്ട്രീയ കേരളത്തിന് തന്നെ അപമാനകരമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മുന്നണിയുടെ കൂട്ടായ തീരുമാനങ്ങളും നിലപാടുകളും ജനങ്ങളെ അറിയിക്കേണ്ട പ്രധാന ചുമതലയുള്ള വ്യക്തി. എന്നാല്‍, ആ സ്ഥാനത്തിരുന്നുകൊണ്ട് 'ഞാന്‍ പറയുന്നതെല്ലാം എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ മാത്രമാണ്' എന്ന് പറയുന്നത് കേവലം ഒളിച്ചോട്ടമല്ല, മറിച്ച് ആ മുന്നണിയുടെ തകര്‍ച്ചയുടെ ആഴമാണ് കാണിക്കുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു.
യുഡിഎഫ് കണ്‍വീനര്‍ എന്നത് ആ മുന്നണിയുടെ ശബ്ദമാണ്. കണ്‍വീനര്‍ക്ക് പറയാനുള്ളത് വ്യക്തിപരമായ കാര്യങ്ങള്‍ മാത്രം! അപ്പോള്‍ പിന്നെ മുന്നണിയുടെ ഔദ്യോഗിക അഭിപ്രായം ആര് പറയും എന്നും അദ്ദേഹം ചോദിച്ചു. അപ്പുറത്തെ തെങ്ങിനോട് ചോദിക്കേണ്ട ഗതികേടിലാണോ യുഡിഎഫ് ഉള്ളത്? പരസ്പര വിരുദ്ധമായ പ്രസ്താവനകളും, ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒളിച്ചോട്ടവും കൊണ്ട് ജനങ്ങളെ വിഡ്ഢികളാക്കാമെന്ന് കരുതരുതെന്നും നാഥനില്ലാത്ത അവസ്ഥയിലേക്ക് പ്രതിപക്ഷം അധപതിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.