തിരുവനന്തപുരം: സൈബര്‍ ആക്രമണങ്ങളെ ഭയക്കുന്നില്ലെന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ എംഎല്‍എയും മുതിര്‍ന്ന സിപിഎം നേതാവുമായ ഐഷ പോറ്റി. സഖാക്കളോട് സ്‌നേഹം മാത്രമേ ഉള്ളൂവെന്നും താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ കാലത്തെ പാര്‍ട്ടി അല്ല ഇപ്പോള്‍ ഉള്ളതെന്നും ഐഷ പോറ്റി വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ മോശമായ ഭാഷയിലടക്കം വിമര്‍ശനങ്ങളും ആക്രമണങ്ങളും ഉണ്ടായേക്കും. എന്നാല്‍ ഒന്നിനെയും ഒട്ടും ഭയക്കുന്നില്ല. വിമര്‍ശനങ്ങളെ സന്തോഷത്തോടെ നേരിടുന്നു. വിമര്‍ശനങ്ങളാണ് ഇത്രത്തോളം തന്നെ എത്തിച്ചതെന്നും അവര്‍ പറഞ്ഞു. താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ കാലത്തെ പാര്‍ട്ടി അല്ല ഇപ്പോള്‍ ഉള്ളത്. അതൊക്കെ മാറിപ്പോയി എന്നും അവര്‍ വ്യക്തമാക്കി.
തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തുന്ന കോണ്‍ഗ്രസിന്റെ പ്രതിഷേധ വേദിയില്‍ വെച്ചാണ് ഐഷ പോറ്റിയെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാലയിട്ട് സ്വീകരിക്കുകയായിരുന്നു. കൊട്ടാരക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ പ്രാസംഗികയായി എത്തിയത് മുതല്‍ ഐഷ പോറ്റി സിപിഎം വിടുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു.
'സഖാക്കള്‍ വിചാരിക്കും പത്തിരുപത്തിയഞ്ച് വര്‍ഷം ജനപ്രതിനിധിയായി ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായി നിന്നിട്ടും വര്‍ഗവഞ്ചകിയായി ആ പാര്‍ട്ടി വിട്ട് ഐഷ പോറ്റി പോയെന്ന്. എന്റെ പ്രിയപ്പെട്ട സഖാക്കള്‍ക്ക് എന്നോട് ദേഷ്യം വരും. എന്നാല്‍ നിങ്ങളോടെല്ലാം തനിക്ക് സ്നേഹമേയുള്ളൂ. എത്ര നിങ്ങള്‍ വിമര്‍ശിച്ചാലും താന്‍ ശക്തയാകുകയേ ഉള്ളൂ', ഐഷ പോറ്റി പറഞ്ഞു.
