ആര്യങ്കാവില്‍ പിടികൂടിയ പാലില്‍ മായമില്ലെന്ന് കണ്ടെത്തല്‍; വെട്ടിലായി ക്ഷീരവികസനവകുപ്പ്

Update: 2023-01-16 06:58 GMT

കൊല്ലം: ആര്യങ്കാവില്‍ ക്ഷീരവികസനവകുപ്പ് പിടികൂടിയ 15,300 ലിറ്റര്‍ പാലില്‍ മായമില്ലെന്ന് കണ്ടെത്തല്‍. ഭക്ഷ്യസുരക്ഷാ വകുപ്പ് തിരുവനന്തപുരത്തെ ലാബില്‍ നടത്തിയ പരിശോധനയില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. പാലില്‍ കൊഴുപ്പിന്റെ കുറവ് മാത്രമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന് കണ്ടെത്താനായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മായം കലര്‍ത്തിയ പാല്‍ തമിഴ്‌നാട്ടില്‍നിന്ന് കൊണ്ടുവരുന്നതായി ക്ഷീരവികസന വകുപ്പിന് വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നെന്നാണ് ക്ഷീരവികസന വകുപ്പ് പറഞ്ഞിരുന്നത്. നടപടിയെടുക്കാന്‍ ഇവര്‍ക്ക് അധികാരമില്ലാത്തതില്‍ വിവരം ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറി.

എന്നാല്‍, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ആര്യങ്കാവിലെത്തിയത് മണിക്കൂറുകളോളം വൈകിയാണ്. ഇത് തിരുവനന്തപുരത്തെ ലാബില്‍ പരിശോധനയ്‌ക്കെത്തിച്ചപ്പോള്‍ വീണ്ടും വൈകി. ആറുമണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയില്ലെങ്കില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ഓക്‌സിജനായി മാറുമെന്നാണ് വിവരം. പരിശോധന നടത്താന്‍ ഏറെ വൈകിയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് എത്തിയതെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി തന്നെ ആരോപണമുന്നയിച്ചിരുന്നു. മണിക്കൂറോളം വൈകി സാംപിളെടുത്തത് പരിശോധനാഫലത്തെ ബാധിക്കാനിടയുണ്ടെന്നും മന്ത്രി പ്രതികരിച്ചിരുന്നു. പാലിന് കൊഴുപ്പുകുറഞ്ഞെന്ന് മാത്രമാണ് പരിശോധനയില്‍ കണ്ടെത്തിയത്.

Tags:    

Similar News