ഹൈദരാബാദ് കൂട്ടബലാല്‍സംഗം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി, പ്രതികളോട് വിട്ടുവീഴ്ചയില്ലെന്ന് തെലങ്കാന ആഭ്യന്തര മന്ത്രി
ഹൈദരാബാദ്: കാറിനുള്ളില്‍ 17കാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ പ്രതികളോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്ന് തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് മഹ്മീദ് അലി. ആഭ്യന്തര വകുപ്പിന് മുന്നില്‍ ഒരു സമ്മര്‍ദ്ദവുമില്ലെന്നും പ്രതികളെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
''പരാതി പ്രകാരം നടപടിയെടുക്കും. പ്രതികളോട് ഒരു മൃദുസമീപനവുമുണ്ടാവില്ല. തെലങ്കാന പോലിസിനു മുകളില്‍ യാതൊരു സമ്മര്‍ദ്ദവുമില്ല. കുറ്റവാളികളെ വെറുതെ വിടില്ല. പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ അറസ്റ്റിന് കുറച്ച് സമയമെടുത്തു, പക്ഷേ ജാഗ്രതയിലാണ്''- ആഭ്യന്തര മന്ത്രി പറഞ്ഞു.
ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസ് സി.ബി.ഐക്ക് കൈമാറണമെന്നും ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് തെലങ്കാന ബിജെപി അധ്യക്ഷന്‍ ബന്ദി സഞ്ജയ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന് കത്തെഴുതിയതിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.
ടിആര്‍എസ് നേതാവിന്റെ മകന്‍ സദുദ്ദീന്‍ മാലിക്കി(18)നെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. അഞ്ചുപേരെ തിരിച്ചറിഞ്ഞതായി പോലിസ് പറഞ്ഞു. പ്രതികളില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്.
പ്രതികളില്‍ ടിആര്‍എസ് നേതാവിന്റെ മകന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണം വന്നതോടെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. തുടര്‍ന്ന് ബിജെപിയടക്കം ഇത് വലിയ രാഷ്ട്രീയ ആയുധമാക്കിയതോടെയാണ് പോലിസ് അറസ്റ്റിലേക്ക് കടന്നത്. പ്രതികളെ കുറിച്ച് ഇരയായ പെണ്‍കുട്ടിയില്‍ നിന്ന് കാര്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഒരാളുടെ പേര് മാത്രമാണ് വെളിപ്പെടുത്തിയതെന്നും പോലിസ് പറഞ്ഞു.
കഴിഞ്ഞയാഴ്ചയായിരുന്നു വീട്ടിലേക്ക് തിരിച്ച് പോകവേ പെണ്‍കുട്ടി ഇന്നോവ കാറില്‍വച്ച് പീഡിപ്പിക്കപ്പെട്ടത്. ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റിയ പെണ്‍കുട്ടിയെ ജൂബിലി ഹില്‍സിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തി പീഡിപ്പിക്കുകയായിരുന്നു. സിസിടിവി. ദൃശ്യത്തില്‍ നിന്ന് പ്രതികളെന്ന് കരുതുന്ന നാലുപേരുടെയടുത്ത് പെണ്‍കുട്ടി നില്‍ക്കുന്നത് വ്യക്തമാവുന്നുണ്ട്.
