ഹൈദരാബാദിലെ കൂട്ടബലാല്‍സംഗം: ബിജെപി പ്രവര്‍ത്തകര്‍ പോലിസ് സ്‌റ്റേഷനുമുന്നില്‍ പ്രതിഷേധിച്ചു
ഹൈദരാബാദ്: ശനിയാഴ്ച വൈകുന്നേരം ഹൈദരാബാദില്‍ മെഴ്‌സിഡസ് കാറിനുള്ളില്‍ 17 വയസുകാരിയെ ഒരു കൂട്ടം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ സിറ്റി പോലിസ് സ്‌റ്റേഷനുമുന്നില്‍ പ്രതിഷേധിച്ചു. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
പ്രതികളെല്ലാം 11, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളാണെന്നും രാഷ്ട്രീയ സ്വാധീനമുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരാണെന്നും പോലിസ് പറഞ്ഞു. ഒരു എംഎല്‍എയുടെ മകനും സംഘത്തിലുണ്ടെന്ന് കരുതുന്നുണ്ടെങ്കിലും ആക്രമണത്തിന് മുമ്പ് ഇയാള്‍ നാടുവിട്ടതാകാമെന്നാണ് പൊലിസ് പറയുന്നത്.
കൂട്ടബലാത്സംഗത്തിന് ശേഷം ആണ്‍കുട്ടികള്‍ പെണ്‍കുട്ടിയെ പബ്ബില്‍ ഇറക്കി വിട്ടു. പിതാവ് അവള്‍ പറഞ്ഞതനുസരിച്ച് അവിടെയെത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
സംഭവത്തിലുള്‍പ്പെട്ട പ്രതികളുടെയും പെണ്‍കുട്ടിയുടെയും സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയും പ്രതികളും പബ്ബിന് മുന്നില്‍നില്‍ക്കുന്ന സിസിടിവി ദ്യശ്യങ്ങളാണ് കണ്ടെടുത്തത്. വൈകീട്ട് 5-6 സമയത്ത് പെണ്‍കുട്ടി ആണ്‍കുട്ടികള്‍ക്കൊപ്പം നീങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അവര്‍ പബ്ബിനുമുന്നില്‍ സംസാരിച്ചും നിന്നിരുന്നു. പെണ്‍കുട്ടി മറ്റൊരാളോട് യാത്ര പറയുന്നതും പിന്നീട് കുട്ടികള്‍ക്കൊപ്പം നീങ്ങുന്നതും കാണാം.
ശനിയാഴ്ച വൈകീട്ട് പെണ്‍കുട്ടി തന്റെ സുഹൃത്തുമായാണ് പബ്ബിലെത്തിയത്. കുറച്ച്കഴിഞ്ഞ് സുഹൃത്ത് വീട്ടിലേക്ക് മടങ്ങി. പെണ്‍കുട്ടി അവിടെത്തന്നെ തങ്ങി. അതിനിടയില്‍ പ്രതികളിലൊരാളുമായി സൗഹൃദത്തിലായി. മടങ്ങുമ്പോള്‍ വീട്ടിലാക്കാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ കാറില്‍ കയറ്റിയത്. അവിടെവച്ചാണ് പീഡനത്തിനിരയാക്കിയത്.
അഞ്ച് പേരുടെ സംഘം ജൂബിലി ഹില്‍സില്‍ കാറ് നിര്‍ത്തിയാക്കിയാണ് പീഡനം നടത്തിയത്. ഹൈദരാബാദിലെ സമ്പന്ന വിഭാഗങ്ങള്‍ താമസിക്കുന്ന പ്രദേശമാണിത്. ഒരാള്‍ ബലാല്‍സംഗം ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ കാറിന് കാവല്‍ നിന്നു.
പെണ്‍കുട്ടി വീട്ടില്‍ മടങ്ങിയെത്തിയശേഷം ശരീരത്തിലെ മുറിവ് പിതാവിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് തനിക്കുണ്ടായ ദുരനുഭവം അവള്‍ തുറന്നുപറഞ്ഞു. ആദ്യം പീഡനശ്രമത്തിലാണ് കേസെടുത്തത്. പിന്നീടാണ് ബലാല്‍സംഗത്തിന് കേസെടുത്തത്.
പിതാവ് ആദ്യം പോലിസിനെ സമീപിക്കുമ്പോള്‍ എന്താണ് സംഭവമെന്ന് അദ്ദേഹത്തിനും അറിയുമായിരുന്നില്ല. തുടര്‍ന്ന് വനിതാപോലിസ് സംഭവത്തെക്കുറിച്ച് ചോദിച്ചറിയുകയായിരുന്നു.

