ടൗട്ടേ ചുഴലിക്കാറ്റ്: കടലില്‍ നിന്ന് 637 പേരെ രക്ഷപ്പെടുത്തി; 80 പേരെ കാണാനില്ല

Update: 2021-05-19 03:24 GMT

മുംബൈ: തിങ്കളാഴ്ച മുംബൈ തീരത്ത് ആഞ്ഞടിച്ച ടൗട്ടേ ചുഴലിക്കാറ്റില്‍ പെട്ട ഒഎന്‍ജിസിയുടെ ഓഫ്‌ഷോര്‍ റിഗ്ഗില്‍ നിന്നും കപ്പലില്‍ നിന്നും 637 പേരെ കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തി. 80ഓളം പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

മുംബൈ തീരത്തോടടുത്തായി ഒരു ഒഎന്‍ജിസി ഓയില്‍ റിഗ്ഗ്, നാല് കപ്പലുകള്‍ മറ്റൊരു ചരക്കുകപ്പല്‍ എന്നിവയാണ് ടൗട്ടേ ചുഴലിക്കാറ്റില്‍ പെട്ടത്. ഇതില്‍ നാല് കപ്പലുകളും ഒഎന്‍ജിസിയുടെ ഓഫ്‌ഷോറിലേക്ക് ജീവനക്കാരെയും സാധനങ്ങളും എത്തിക്കുന്നതിനായി സര്‍വീസ് നടത്തുന്നവയാണ്.

രക്ഷപ്പെടുത്തിയവരില്‍ മിക്കവരും ഒഎന്‍ജിസി ഓഫ്‌ഷോര്‍ സൈറ്റില്‍ കോണ്‍ട്രാക്റ്റര്‍മാരുടെയും സബ് കോണ്‍ട്രാക്റ്റര്‍മാരുടെയും കീഴില്‍ ജോലിചെയ്യുന്ന ജീവനക്കാരാണ്.

രക്ഷപ്പെട്ടവരില്‍ കഴിഞ്ഞ ദിവസം അപകടത്തില്‍ പെട്ട പി 305 ബാര്‍ജിലെ 180 പേരും ഉള്‍പ്പെടുന്നു. കാണാതായ എണ്‍പത്തിയൊന്നു പേരില്‍ എല്ലാവരും പി 305 ബാര്‍ജില്ലുള്ളവരാണ്. തിങ്കളാഴ്ച ഏഴ് മണിയോടെ ബാര്‍ജ് മുങ്ങിപ്പോയിരുന്നു. അതേസമയം ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇനിയും വന്നിട്ടില്ല.