'ഗതികെട്ടവര്‍ക്ക് ഗര്‍ഭപാത്രമെന്തിന്'? കരിമ്പ് വെട്ടുന്ന സ്ത്രീകള്‍ കരള്‍ പൊള്ളി ചോദിക്കുന്നു

ന്യൂഡല്‍ഹി: കരിമ്പ് വെട്ടുന്ന നൂറുകണക്കിന് സ്ത്രീ തൊഴിലാളികള്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതായി റിപോര്‍ട്ട്. മഹാരാഷ്ട്രയിലെ ബീഡില്‍നിന്നും മറ്റ് അയല്‍ സംസ്ഥാനങ്ങളില്‍നിന്നുമാണ് മനുഷ്യാവകാശ ലംഘനത്തിന്റെ ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.
ബീഡ് ജില്ലാ ആരോഗ്യ വകുപ്പിന്റെ സമീപകാല റിപോര്‍ട്ട് പ്രകാരം, 2024ല്‍ ആദ്യത്തെ നാലു മാസങ്ങളില്‍ മാത്രം, അതായത് കരിമ്പ് വിളവെടുപ്പിനു മുമ്പ്, 843 സ്ത്രീകളുടെ ഗര്‍ഭപാത്രങ്ങള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഈ സ്ത്രീകളില്‍ 477 പേര്‍ 30നും 35നും ഇടയില്‍ പ്രായമുള്ളവരാണ് എന്നതാണ് ഏറ്റവും ഭയാനകം.

പ്രതിവര്‍ഷം ഏകദേശം 2,00,000 തൊഴിലാളികളാണ് മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍നിന്ന് കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലായി കരിമ്പ് കൊയ്യാന്‍ എത്തുന്നത്. വിളവെടുപ്പിനായി എത്തുന്ന ഇവര്‍ക്ക് മതിയായ ഒരു സൗകര്യവും ലഭിക്കാറില്ല. മണിക്കൂറുകള്‍ തുടര്‍ച്ചയായി ജോലിയെടുക്കുന്ന ഇവര്‍ക്ക് ആവശ്യത്തിനുള്ള വിശ്രമം പോലും ലഭ്യമല്ല. ഉള്ളയിടങ്ങളില്‍ ഇവര്‍ക്ക് മതിയായ സൗകര്യമോ ശുദ്ധമായ കുടിവെള്ളമോ ശുചിത്വപൂർണമായ താമസസ്ഥലമോ, എന്തിന് പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ പോലുമുള്ള സൗകര്യങ്ങളോ ലഭ്യമല്ല. ഇത്തരം സാഹചര്യങ്ങള്‍ സ്ത്രീകളെ ഞെട്ടിപ്പിക്കുന്ന പല തീരുമാനങ്ങളെടുക്കാനും നിർബന്ധിതരാക്കുന്നു. അതിലൊന്നാണ് ഗര്‍ഭപാത്രം നീക്കം ചെയ്യല്‍.
2016 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ഏകദേശം, 13,000ത്തിലധികം സ്ത്രീ തൊഴിലാളികള്‍ ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുണ്ടെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. അവരില്‍ ഭൂരിഭാഗവും 35നും 40നും ഇടയില്‍ പ്രായമുള്ളവരാണ്. ചിലര്‍ 25 വയസ്സിന് താഴെയുള്ളവരായിരുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത. ആര്‍ത്തവം മൂലമോ മുമ്പ് നടന്ന ശസ്ത്രക്രിയകള്‍ മൂലമോ ഉള്ള അമിത രക്തസ്രാവം കാരണം, അയൺ, ബി12, ഫോളിക് ആസിഡ് എന്നിവയുടെ കുറവ് പലരിലും കണ്ടെത്തി. ഇതു പ്രകാരം 3,415 സ്ത്രീകള്‍ക്ക് വിളര്‍ച്ച ബാധിച്ചതായും റിപോര്‍ട്ടില്‍ പറയുന്നു.
ദാരിദ്ര്യം, തൊഴില്‍ അരക്ഷിതാവസ്ഥ, കോണ്‍ട്രാക്ടര്‍മാരില്‍നിന്നുള്ള സമ്മര്‍ദ്ദം എന്നിവ മൂലം, പലരും ആര്‍ത്തവമോ ഗര്‍ഭധാരണമോ ഒഴിവാക്കാന്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നു എന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ജോലിക്ക് തടസ്സം സംഭവിക്കുന്നത് ഒരു പക്ഷേ, ജോലി നഷ്ടപ്പെടുത്താനിടയാക്കും എന്ന ഭയവും സമയബന്ധിതമായി ജോലി ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈടാക്കുന്ന സാമ്പത്തിക പിഴയും ഇതിനു പിന്നിലെ പ്രധാന കാരണങ്ങളാണ്.
"വിളവെടുപ്പ് സമയമാകുമ്പോഴേക്കും കരിമ്പ് മുറിക്കാന്‍ ഞങ്ങള്‍ മറ്റു ജില്ലകളിലേക്ക് കുടിയേറുന്നു. വളരെ മോശം സാഹചര്യങ്ങളിലാണ് അവിടെ ജീവിക്കുക. കുടിവെള്ളമോ കുളിക്കാനുള്ള സൗകര്യമോ ലഭ്യമല്ല. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വളരെ അകലെയാണ്. യാത്രച്ചെലവോ ചികില്‍സയോ ഞങ്ങള്‍ക്ക് താങ്ങാനാവുന്നതല്ല. അതുകൊണ്ടാണ് ഞങ്ങളില്‍ പലരും ഗര്‍ഭപാത്രം നീക്കംചെയ്യാന്‍ തീരുമാനിക്കുന്നത്" -കരിമ്പുതൊഴിലാളിയായ ജ്യോതി രവീന്ദര്‍ തോറാട്ട് പറഞ്ഞു.
ഏകദേശം 12 ലക്ഷം ആളുകള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തകനായ അശോക് താങ്ഡെ പറയുന്നു. 1,523 സ്ത്രീകള്‍ ഗര്‍ഭിണികളായിരിക്കെതന്നെ കരിമ്പിന്‍ തോട്ടങ്ങളില്‍ ജോലി ചെയ്യുന്നതായും കണ്ടെത്തി. "സ്ത്രീകള്‍ പലപ്പോഴും 18 വയസ്സിന് മുമ്പ് വിവാഹിതരാകുകയും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു. ഒരു തൊഴിലാളി ഒരു ദിവസം ജോലി ചെയ്തില്ലെങ്കില്‍, അവര്‍ക്ക് 500 രൂപ പിഴ ചുമത്തും. അഞ്ച് ദിവസം ജോലി ചെയ്തില്ലെങ്കില്‍ അവര്‍ക്ക് 2,500 രൂപയും ആറ് മാസത്തില്‍ കൂടുതലായാല്‍ അത് 15,000 രൂപയും വരെ നഷ്ടമാകുന്നതിന് ഇടയാക്കും. അതുകൊണ്ടു തന്നെ അവര്‍ കൈ-മെയ് മറന്ന് പണിയെടുക്കും. ഇങ്ങനെയൊരു സംവിധാനത്തിനുളളില്‍ വിശ്രമത്തിനും സൗകര്യത്തിനും സ്ഥാനമില്ല. ഈ അവസ്ഥ അവരെ ഗര്‍ഭാശയം നീക്കം ചെയ്യുക എന്ന തീരുമാനത്തിലേക്ക് എളുപ്പം കൊണ്ടെത്തിക്കും" -അശോക് താങ്ഡെ പറഞ്ഞു.
പല സ്ത്രീകളും ആര്‍ത്തവ വേദന കുറയ്ക്കാന്‍ ഗുളികകള്‍ കഴിക്കും. ചിലര്‍ ഗര്‍ഭകാലത്തും കഠിനമായി ജോലിയെടുക്കാന്‍ നിര്‍ബന്ധിതരാകും. കാലക്രമേണ, അവരുടെ ആരോഗ്യം വഷളാകുകയും രക്തം പോക്ക് പോലുള്ള അസുഖങ്ങളിലേക്ക് ഇതവരെ കൊണ്ടെത്തിക്കുകയുെ ചെയ്യും. അമിത രക്തസ്രാവം ഗര്‍ഭാശയം നീക്കം ചെയ്യല്‍ ശസ്ത്രക്രിയയിലേക്ക് നയിക്കും. ഒരു തരത്തില്‍ പറഞ്ഞാല്‍ അവധിയെടുക്കാതിരിക്കാനായി അവരെ കോണ്‍ട്രാക്ടര്‍മാര്‍ അത്തരമൊരവസ്ഥയിലേക്ക് കൊണ്ടെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇത് കൊടിയ മനുഷ്യാവകാശലംഘനമാണെന്നും കരിമ്പ് വ്യവസായത്തില്‍ സ്ത്രീകള്‍ക്കെതിരേ നടക്കുന്ന ഈ ചൂഷണത്തിനെതിരേ നടപടിയെടുക്കാന്‍ അധികാരികളുടെയും മനുഷ്യാവകാശ സംഘടനകളുടെയും അടിയന്തര ശ്രദ്ധ ആവശ്യമാണെന്നും അശോക് താങ്ഡെ കൂട്ടിച്ചേര്‍ത്തു.