ഉദ്യോഗസ്ഥരുടെ പണക്കൊതി: നൂറ് കണക്കിന് പേരുടെ ഡ്രൈവിങ് ലേണിങ് ടെസ്റ്റ് മുടങ്ങി

Update: 2021-01-06 15:11 GMT

തിരൂര്‍: മാസങ്ങളോളം കാത്തിരുന്ന് ലഭിച്ച ലേര്‍ണിംഗ് പരീക്ഷയ്ക്കുള്ള അവസരം ഉദ്യോഗസ്ഥരുടെ പണക്കൊതിയില്‍ കുരുങ്ങി നഷ്ടപ്പെട്ടു. ലോക്ക് ഡൗണിന് ശേഷം അപേക്ഷകര്‍ ഏറിയതിനാല്‍ ബുധനാഴ്ചകളിലും ലേര്‍ണിംഗ് പരീക്ഷയ്ക്ക് തിരൂര്‍ ആര്‍. ടി. ഒ ഓഫിസിന് കീഴില്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍ ഒരു മുന്നറിയിപ്പുമില്ലാതെ തിരൂരിലെ ഉദ്യോഗസ്ഥര്‍ ജനുവരി 6 ബുധനാഴ്ച മുതലുള്ള ലേര്‍ണിംഗ് പരീക്ഷ റദ്ദാക്കി. ഇതോടെ ഒന്നര മാസം മുന്നെ ഡേറ്റെടുത്ത് കാത്തിരുന്ന നൂറ് കണക്കിന് പേരാണ് പരീക്ഷ എഴുതാനാകാതെ ദുരിതത്തിലായത്.

റദ്ദാക്കിയ കാര്യം അറിയാതെ അപേക്ഷകര്‍ തിരൂര്‍ ജോയിന്റ് ആര്‍. ടി. ഓഫിസില്‍ വിളിച്ചെങ്കിലും ബന്ധപ്പെട്ടവരാരും ഓഫിസിലുണ്ടായിരുന്നില്ല. ജനുവരി ഒന്ന് മുതല്‍ വര്‍ദ്ധിപ്പിച്ച ഫീയടച്ചില്ലെന്ന കാരണത്താല്‍ നിരവധി പേരുടെ ലേര്‍ണിംഗ് പരീക്ഷ അവസരമാണ് നഷ്ടപ്പെടുത്തിയത്. ലേര്‍ണിംഗ് അപേക്ഷയ്ക്ക് ഡിമാന്റ് കൂടിയതോടെ അപേക്ഷകരൊന്നിന് 1000 രൂപ വെച്ച് പിരിവ് നടത്തി ഡേറ്റ് നല്‍കാനുള്ള ഉദ്യോഗസ്ഥരുടെ തന്ത്രമാണെന്ന് ആക്ഷേപമുണ്ട്. ഇത്തരത്തില്‍ വന്‍ തുക കൈകുലി വാങ്ങി വേണ്ടപ്പെട്ടവര്‍ക്ക് ആരും അറിയാതെ ഡേറ്റ് അനുവദിക്കാറുണ്ടെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

തിയ്യതി നല്‍കി അപേക്ഷകനെ അറിയിക്കാതെ റദ്ദാക്കിയ നടപടിക്കെതിരെ പരാതി നല്‍കുമെന്നും കോടതിയെ സമീപിക്കുമെന്നും പരീക്ഷ എഴുതാനാകാത്ത അപേക്ഷകര്‍ പറഞ്ഞു.

Tags:    

Similar News