യുപിയില്‍ ബിഎസ്പിയുടെ നേതൃത്വത്തില്‍ നൂറ് കണക്കിന് ബ്രാഹ്മണ സമ്മേളനങ്ങള്‍ വിളിക്കും; നീക്കം 'വഞ്ചിതരായ' ബ്രാഹ്മണരെ കയ്യിലെടുക്കാനെന്ന്

Update: 2021-07-19 06:07 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ മായാവതി ബ്രാഹ്മണ സമ്മേളനങ്ങള്‍ വിളിക്കുന്നു. ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായിരുന്ന സമുദായത്തെ കൂടെ നിര്‍ത്തുന്നതിന്റെ ഭാഗമാണ് സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചത്.

ആദ്യ സമ്മേളനം ജൂലൈ 23ന് അയോധ്യയിലാണ് നടത്തുക. ബിജെപിയെയും ബ്രാഹ്മണരെയും സംബന്ധിച്ചിടത്തോളം സുപ്രധാനമായ സ്ഥലമാണ് അയോധ്യ. അതേ കാരണം കൊണ്ടുതന്നെയാണ് ആദ്യ സമ്മേളനം അയോധ്യയില്‍ തീരുമാനിച്ചതും. 2007ലെ തിരഞ്ഞെടുപ്പില്‍ ബിസ്പിയുടെ കൂടെയായിരുന്നു ബ്രാഹ്മണ സംഘടനകള്‍.

''കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുകള്‍ക്കുവേണ്ടി ബ്രാഹ്മണരെ വഞ്ചിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാരിന്റെ കീഴില്‍ ബ്രാഹ്മണര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് നമുക്കറിയാം. അവര്‍ നിരാശരാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ ബ്രാഹ്മണര്‍ ദലിതരെപ്പോലെ ബിഎസ്പിക്ക് വോട്ട് ചെയ്യുമെന്നാണ് വിശ്വാസം''- ജൂലൈ 23ന് നടക്കുന്ന സമ്മേളനത്തിനു മുന്നോടിയായി അയോധ്യയിലെ താല്‍ക്കാലിക രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുമെന്ന് മായാവതി പറഞ്ഞു.

ബ്രാഹ്മണ സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കാന്‍ ബിഎസ്പിയിലെ ബ്രാഹ്മണ നേതാവ് സതീശ് ചന്ദ്ര മിശ്രയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സമ്മേളനം ജൂലൈ 23ന് അയോധ്യയില്‍ നിന്ന് ആരംഭിക്കും. ആദ്യ ഘട്ടം ജൂലൈ 29ന് അവസാനിക്കും.

ഓരോ ഘട്ടത്തിലും ആറ് ജില്ലകളിലാണ് യോഗം വിളിക്കുക. തുടര്‍ന്ന് സംസ്ഥാനത്തെ 75 ജില്ലകളിലേക്കും വ്യാപിപ്പിക്കും.

''2007 ല്‍ ബ്രാഹ്മണര്‍ ബിഎസ്പിക്കാണ് വോട്ട് ചെയ്തത്. അതിന് പകരം അവര്‍ ആവശ്യപ്പെടുന്ന ബഹുമാനവും പദവിയും നല്‍കുകയും ചെയ്തു. പക്ഷേ, അവര്‍ പിന്നീട് ബിജെപിയുടെ തന്ത്രങ്ങളില്‍ വീണുപോയി. അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്തു''- മായാവതി പറഞ്ഞു.

2007 തിരഞ്ഞെടുപ്പില്‍ ദലിത്, ബ്രാഹ്മണ്‍, മുസ് ലിം വിഭാഗങ്ങളെ ഒരേ ചരടില്‍ കോര്‍ത്താണ് മായാവതി മന്ത്രിസഭ രൂപീകരിച്ചത്.

യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം യുപിയിലെ ബ്രാഹ്മണര്‍ കടുത്ത നിരാശയിലാണ്. ക്ഷത്രിയനായ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്ഷത്രിയ താല്‍പര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നവരാണെന്ന് ബ്രാഹ്മണര്‍ കരുതുന്നു. കാന്‍പൂരിലെ ബ്രാഹ്മണ ഗുണ്ടയായിരുന്ന വിവേക് ദുബെയുടെ ഏറ്റുമുട്ടല്‍ കൊലപാതകവും അന്നു തന്നെ ചെറിയ ഒരു കുട്ടിയെ കൊലപ്പെടുത്തിയതും ബ്രാഹമണരില്‍ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. ദുബെയോട് താല്‍പര്യമില്ലാത്തവര്‍ പോലും ഇതിനെതിരേ നിലപാടെടുത്തു. വിവേക് തിവാരിയെന്ന ആപ്പിള്‍ എക്‌സിക്യൂട്ടിവിനെ ഒരു കോണ്‍സ്റ്റബില്‍ വെടിവച്ചുകൊന്നതും അസംതൃപ്തിക്ക് കാരണമായി.

തിവാരിയെ കൊലപ്പെടുത്തിയ ശേഷം വെടിവച്ച പോലിസുകാരന്‍ നിരവധി ആരോപണങ്ങല്‍ ഇയാള്‍ക്കെതിരേ ഉന്നയിച്ചു. പ്രശാന്ത് ചൗധരിയെന്ന പോലിസുകാരനെ രക്ഷിക്കാനാണ് പോലിസ് കഥകള്‍ മെനഞ്ഞതെന്ന് ബ്രാഹ്മണര്‍ കരുതുന്നു.

സ്്ത്രീകളുടെ സുരക്ഷക്ക് വേണ്ടിയെന്ന പേരില്‍ യോഗി ആദിത്യനാഥ് രൂപീകരിച്ച ആന്റി റോമിയോ സ്‌ക്വാഡിലെ അംഗമാണ് ചൗധരി.

ദുബെയെയും കൂട്ടാളികളെയും കൊലപ്പെടുത്തിയത് അവര്‍ കീഴടങ്ങിയ ശേഷമാണെന്നും ബ്രാഹ്മണര്‍ വിശ്വസിക്കുന്നു.