ചര്‍ച്ചക്കെത്തിയ പിജി ഡോക്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റിനെ മന്ത്രി ഓഫിസ് സ്റ്റാഫ് അപമാനിച്ചതായി പരാതി

അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. അജിത്രയെയാണ് സെക്രട്ടേറിയറ്റ് ജീവനക്കാരന്‍ അപമാനിച്ചത്

Update: 2021-12-16 09:14 GMT

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ ഓഫിസില്‍ ചര്‍ച്ചക്കെത്തിയ പിജി ഡോക്ടേര്‍സ് അസോസിയേഷന്‍ പ്രസിഡന്റിനെ ഓഫിസ് സ്റ്റാഫ് അപമാനിച്ചതായി പരാതി. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. അജിത്രയെയാണ് അപമാനിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12ന് ആരോഗ്യവകുപ്പ് അഡിഷണന്‍ ചീഫ് സെക്രട്ടറിയുമായാണ് അസോസിയേഷന്‍ ഭാരവാഹികള്‍ ചര്‍ച്ചക്കെത്തിയത്.

ചര്‍ച്ച വൈകുന്ന ഘട്ടത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. അജിത്ര ഓഫിസിന് മുന്നിലെ പടിയില്‍ ഇരുന്നു. പടിയില്‍ ഇരിക്കരുതെന്ന് മന്ത്രിയുടെ സ്റ്റാഫ് പറഞ്ഞു. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ഇരിക്കണമെന്നും പറഞ്ഞു. അതുപ്രകാരം അജിത്രക്ക് ഇരിക്കാന്‍ കസേര നല്‍കി. എന്നാല്‍, കസേരയില്‍ കലുയര്‍ത്തിവച്ച് ഇരിക്കാന്‍ പറ്റില്ലെന്ന് ഓഫിസ് സ്റ്റാഫ് പറഞ്ഞു. തനിക്ക് ഇങ്ങനെ ഇരിക്കുന്നതാണ് സൗകര്യമെന്ന് പറഞ്ഞ അജിത്രയോട്, എന്നാല്‍ പിന്നെ തുണിയില്ലാതെ നടക്കൂ എന്നായിരുന്നു സ്റ്റാഫിന്റെ പ്രതികരണം.

ഡോ. അജിത്ര തനിക്ക് നേരിട്ട അപമാനം സെക്രട്ടേറിയറ്റിന് മുന്‍പില്‍ ചര്‍ച്ചവിവരങ്ങളറിയാനെത്തിയ മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് നേരിട്ട അപമാനത്തിനെതിരേ പരാതിയുമായി മുന്നോട്ട് പോകുമെന്ന് ഡോ. അജിത്ര മാധ്യമങ്ങളോട് വ്യക്തമാക്കി.

ഇന്നലെ പിജി ഡോക്ടര്‍മാരുമായി മന്ത്രി വീണാ ജോര്‍ജ്ജ് ചര്‍ച്ച നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായി കണക്കുകള്‍ സംബന്ധിച്ച് വ്യക്തതവരുത്താന്‍ ഇന്ന് ഉച്ചയ്ക്ക് എത്താന്‍ പറഞ്ഞിരുന്നു. അതനുസരിച്ചാണ് ഡോ. അജിത്രയും സംഘവും ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ ഓഫിസിലെത്തിയത്.

Tags:    

Similar News