ഭിന്നശേഷിക്കാര്‍ക്കുള്ളവിജയാമൃതംപദ്ധതിയില്‍ കേരളത്തിന് പുറത്ത് പഠിച്ചവരെ ഒഴിവാക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍
കൊച്ചി: ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹിക നീതി വകുപ്പ് നല്‍കുന്ന വിജയാമ്യതം പദ്ധതിയില്‍ നിന്നും കേരളത്തിന് പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച വിദ്യാര്‍ത്ഥികളെ ഒഴിവാക്കാന്‍ പാടില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
അണ്ണാമല സര്‍വകലാശാലയില്‍ നിന്നും എം.എ. പബ്‌ളിക് അഡ്മിനിസ്‌ട്രേഷന്‍ ആദ്യ ചാന്‍സില്‍ ഫസ്റ്റ് ക്ലാസില്‍ പാസായ വിദ്യാര്‍ത്ഥിക്ക് സാമൂഹിക നീതി വകുപ്പ് നിരസിച്ച വിജയാമൃതം സ്‌കോളര്‍ഷിപ്പ് ഉടന്‍ ലഭ്യമാക്കണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ക്ക് ഉത്തരവ് നല്‍കി.
ഇടപ്പള്ളി സ്വദേശി വി.എ. നസീര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ബിരുദമോ പി.ജിയോ ആദ്യ ചാന്‍സില്‍ 50 ശതമാനം മാര്‍ക്കോടെ പാസാകുന്ന ഭിന്ന ശേഷികാര്‍ക്കാണ്സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്. പ്രൈവറ്റ് സ്റ്റഡി, പാരലല്‍ കോളേജ്, വിദൂര വിദ്യാഭ്യാസം തുടങ്ങിയ രീതികളില്‍ പഠിച്ചവര്‍ക്കും സഹായം നല്‍കും. എന്നാല്‍ അണ്ണാമല സര്‍വകലാശാലയില്‍ നിന്നും വിദൂരവിദ്യാഭ്യാസം വഴി പഠിച്ച തനിക്ക് സ്‌കോളര്‍ഷിപ്പ് നിഷേധിച്ചെന്നാണ് വിദ്യാര്‍ത്ഥിയുടെ പരാതി.
സാമൂഹിക നീതി വകുപ്പ് ഡയറക്ടറില്‍ നിന്നും കമ്മീഷന്‍ റിപോര്‍ട്ട് വാങ്ങി. നിലവിലെ മാര്‍ഗനിര്‍ദ്ദേശ പ്രകാരം കേരളത്തില്‍ പഠിച്ചവരെ മാത്രം സ്‌കോളര്‍ഷിപ്പിന് പരിഗണിച്ചാല്‍ മതിയെന്നാണ് തീരുമാനമെന്ന് റിപോര്‍ട്ടില്‍ പറയുന്നു. മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു.
