നഗസഭാ കൗണ്‍സിലര്‍ക്ക് വധഭീഷണി: പോലിസ് കേസെടുക്കാത്തതിനെതിരേ മനുഷ്യാവകാശ കമ്മീഷന്‍

Update: 2022-06-20 12:29 GMT

കോഴിക്കോട്: 200 വര്‍ഷത്തിലധികമായി ഉപയോഗിച്ചു കൊണ്ടിരുന്ന വഴി രണ്ടാഴ്ച മുമ്പ് പ്രദേശവാസി കയര്‍ കെട്ടി തടസ്സപ്പെടുത്തിയത് ചോദ്യം ചെയ്തപ്പോള്‍ നഗരസഭാ കൗണ്‍സിലറെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയിട്ടും പോലിസ് കേസെടുത്തില്ലെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

കോഴിക്കോട് സിറ്റിപോലിസ് കമ്മീഷണര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഉത്തരവ് നല്‍കിയത്. എലത്തൂര്‍ പോലിസിനെതിരെയാണ് അന്വേഷണം.

എലത്തൂര്‍ കൗണ്‍സിലര്‍ മനോഹരന്‍ മാങ്ങാറിയില്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. അയല്‍വാസി സി പി ഹരിദാസനാണ് കൗണ്‍സിലറെ ആക്രമിച്ചതും വധഭീഷണി മുഴക്കിയതും. ഇതിനെതിരെ താന്‍ എലത്തൂര്‍ പോലിസില്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമെടുത്തില്ലെന്ന് കമ്മീഷനില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.

1975 ലാണ് പരാതിക്കാരന്റെ അച്ഛന്റെ പേരില്‍ കുടികിടപ്പവകാശം ലഭിച്ചത്. 1985 ല്‍ വായ്പയെടുത്ത് വീട് നിര്‍മ്മിച്ചു. എതിര്‍ കക്ഷി 10 വര്‍ഷം മുമ്പാണ് ഇവിടെയത്തിയത്. ജൂണ്‍ 13 ലാണ് കൗണ്‍സിലറെ എതിര്‍കക്ഷി ആക്രമിച്ചത്. തനിക്കും കുടുംബത്തിനും ഇപ്പോഴും ഭീഷണി നിലനില്‍ക്കുകയാണ്. പട്ടികജാതിക്കാരനായ താന്‍ പോലിസില്‍ പരാതി നല്‍കിയിട്ടും എഫ് ഐ ആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു.

കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണര്‍ വിശദമായ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. കേസ് ജൂണ്‍ 29 ന് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.

Tags: