കിണര്‍ വെള്ളത്തില്‍ മനുഷ്യവിസര്‍ജ്യം കലര്‍ത്തിയ പ്രതികളെ കിട്ടിയില്ല: അന്വേഷണം തുടരണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Update: 2022-09-01 13:33 GMT

കോഴിക്കോട്: കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന വീട്ടിലെ കിണറ്റില്‍ മനുഷ്യ വിസര്‍ജ്യം കലര്‍ത്തിയെന്ന പരാതിയില്‍ വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും കുറ്റവാളികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് മുക്കം പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കോഴിക്കോട് നടത്തിയ സിറ്റിംഗില്‍ മുക്കം എസ്‌ഐയെ കമ്മീഷന്‍ വിളിച്ചു വരുത്തി അന്വേഷണ പുരോഗതി ആരാഞ്ഞു.

പ്രതികളെ കുറിച്ച് വിവരം ലഭിക്കുന്ന മുറയ്ക്ക് കേസ് ഫയല്‍ എടുത്ത് വീണ്ടും അന്വേഷിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

മുക്കം സ്വദേശിനി എന്‍ കെ അംബികാവതി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. 2021 ജൂണ്‍ 12 ന് മുക്കം പോലിസ് ക്രൈം 486/21 നമ്പറായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അയല്‍വാസികള്‍ ഉള്‍പ്പെടെ 7 സാക്ഷികളെ നേരില്‍ കണ്ട് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പരാതിക്കാരിയുമായി വഴിത്തര്‍ക്കം നിലനില്‍ക്കുന്ന അയല്‍വാസിയും ഇതില്‍ ഉള്‍പ്പെടും. പ്രതികളെ കുറിച്ച് യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല. വിവരം ലഭിക്കുന്ന മുറയ്ക്ക് കേസ് റീ ഓപ്പണ്‍ ചെയ്ത് അന്വേഷണം തുടരും. പോലീസിന്റെ ഭാഗത്ത് നിന്ന് മനപൂര്‍വമായ വീഴ്ചയോ ഉദാസീനതയോ ഉണ്ടായിട്ടില്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News