മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു: കോതി കടപ്പുറത്തെ പുലിമുട്ടുകള്‍ ചെന്നൈ ഐഐടി നിര്‍ദ്ദേശ പ്രകാരം നിര്‍മിക്കാന്‍ 8 കോടി

Update: 2022-08-03 13:57 GMT

കോഴിക്കോട്: കോതി കടപ്പുറത്ത് അശാസ്ത്രീയമായി നിര്‍മ്മിച്ച പുലിമുട്ടുകള്‍ കാരണം മത്സ്യബന്ധന വള്ളങ്ങള്‍ അപകടത്തില്‍പ്പെടുന്ന സാഹചര്യത്തില്‍ ചെന്നൈ ഐഐടിയുടെ നിര്‍ദ്ദേശ പ്രകാരം പുലിമുട്ട് നിര്‍മ്മിക്കുന്നതിന് 8 കോടി രൂപുടെ പദ്ധതിക്ക് അനുമതി നല്‍കിയതായി ഇറിഗേഷന്‍ വകുപ്പ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. പുലിമുട്ടിന്റെ നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കി അപകടമുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

കോതി കടപ്പുറത്ത് നിര്‍മിച്ച പുലിമുട്ടുകള്‍ അശാസ്ത്രീയമാണെന്ന് അധികൃതര്‍ സമ്മതിച്ചു. സുനാമി കെടുതികളുടെ പശ്ചാത്തലത്തില്‍ കല്ലായി പുഴയുടെ അഴിമുഖത്ത് നിര്‍മ്മിച്ചതാണ് പുലിമുട്ടുകള്‍. വടക്ക് ഭാഗത്ത് 325 മീറ്ററും തെക്ക് ഭാഗത്ത് 225 മീറ്ററും നീളത്തില്‍ പുലിമുട്ട് നിര്‍മ്മിക്കാനാണ് ചെന്നൈ ഐഐറ്റി നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇതിനാവശ്യമുള്ള ഫണ്ട് ലഭ്യമായില്ല. തുടര്‍ന്ന് യഥാക്രമം 155 മീറ്ററും 80 മീറ്ററും നീളത്തില്‍ പുലിമുട്ട് നിര്‍മ്മിച്ചു. ഐഐടി നിര്‍ദ്ദേശിച്ച നീളത്തില്‍ പുലിമുട്ട് നിര്‍മ്മിക്കാന്‍ 8 കോടി രൂപയുടെ പദ്ധതി ഒരു കരാറുകാരന്‍ ഏറ്റെടുത്തെങ്കിലും ആവശ്യമുള്ള കല്ലുകള്‍ ലഭ്യമല്ലെന്ന കാരണത്താല്‍ പ്രവര്‍ത്തി ആരംഭിച്ചില്ല. തുടര്‍ന്ന് ഇറിഗേഷന്‍ നോര്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ഓഫിസില്‍ നിന്നും ടെണ്ടര്‍ ചെയ്യുകയും കരാറുകാരന്‍ ടെണ്ടര്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. കല്ലായി പുഴയില്‍ അടിഞ്ഞു കൂടിയ ചെളി നീക്കം ചെയ്യാന്‍ റിവര്‍ മാനേജ്‌മെന്റ് ഫണ്ടിലും ദേശീയ ഹരിത ട്രൈബ്യൂണലിലും പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതിക്ക് അംഗീകാരം ലഭിച്ചാലുടന്‍ നടപ്പിലാക്കും. ഇറിഗേഷന്‍ വകുപ്പ് ആവശ്യമായ നടപടി സ്വീകരിച്ച സാഹചര്യത്തില്‍ പൊതു പ്രവര്‍ത്തകനായ എ സി ഫ്രാന്‍സിസ് സമര്‍പ്പിച്ച പരാതി കമ്മീഷന്‍ തീര്‍പ്പാക്കി.

Tags:    

Similar News