'ആശ്വാസകിരണം' നിലച്ചതിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍; വിമര്‍ശനത്തിനു പിന്നാലെ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചു

Update: 2020-08-10 13:27 GMT

തിരുവനന്തപുരം: രോഗികള്‍ക്ക് മുഴുവന്‍ സമയ പരിചരണം നല്‍കുന്നവര്‍ക്കായി മാസം 600 രൂപ വീതം ധനസഹായം നല്‍കുന്ന ആശ്വാസകരണം പദ്ധതി നിലച്ചതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സാമൂഹിക സുരക്ഷാ മിഷന്‍ ഡയറക്ടറും പരാതി പരിശോധിച്ച് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. വിശദമായ റിപ്പോര്‍ട്ട് നാലാഴ്ചക്കകം സമര്‍പ്പിക്കണം.

17 മാസങ്ങള്‍ക്ക് മുമ്പാണ് ആശ്വാസകിരണം നിലച്ചത്. നിലവില്‍ 1, 13, 713 പേര്‍ സഹായധനത്തിന് കാത്തിരിക്കുന്നുണ്ട്. അര്‍ബുദം, പക്ഷാഘാതം. നാഡീരോഗങ്ങള്‍, ശാരീരിക- മാനസിക വൈകല്യമുള്ളവര്‍,പ്രായാധിക്യം കാരണം കിടപ്പിലായവര്‍, നൂറു ശതമാനം അന്ധത ബാധിച്ചവര്‍, ഓട്ടിസം, സെറിബറല്‍ പാള്‍സി, എന്‍ഡോസള്‍ഫാന്‍ കാരണം കിടപ്പിലായവര്‍ തുടങ്ങിയവര്‍ക്കാണ് ആശ്വാസ കിരണം വഴി ധനസഹായം ലഭിക്കുന്നത്. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

അതേസമയം മുഴുവന്‍ സമയ പരിചരണം ആവശ്യമുള്ളവര്‍ക്ക് സഹായകരമായി പ്രതിമാസ ധനസഹായം നല്‍കുന്ന സാമൂഹ്യ സുരക്ഷ മിഷന്റെ ആശ്വാസ കിരണം പദ്ധതിയ്ക്ക് 19.53 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഒരു മുഴുവന്‍ സമയ പരിചാരകന്റെ സേവനം ആവശ്യമാംവിധം കിടപ്പിലായ രോഗികളെയും മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗങ്ങളുളളവരെയും പരിചരിക്കുന്നവര്‍ക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് ആശ്വാസകിരണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 63,544 ഗുണഭോക്താക്കള്‍ ആയിരുന്നത് ഈ സര്‍ക്കാര്‍ വന്നതിനു ശേഷം 1,13,713 ആയി വര്‍ധിച്ചു.